തെന്നിന്ത്യയിൽ മികച്ച സിനിമകളിലൂടെ തന്റേതായ അഭിനയ മികവ് കാഴ്ചവെച്ച് പ്രേക്ഷക മനസുകളിൽ ഇടം നേടിയ താരമാണ് കീർത്തി സുരേഷ്. താരത്തിന് ഇന്ന് കൈ നിറയെ അവസരങ്ങളാണ്. തമിഴ്, തെലുങ്ക് സിനിമകളിൽ സജീവമായ താരം വെള്ളിത്തിരയിലേക്ക് ചുവടുവെയ്‌ക്കുന്നത് മലയാളചിത്രമായ ഗീതാഞ്ജലിയിലൂടെയായിരുന്നു. പിന്നാലെ നിരവധി അവസരങ്ങൾ താരത്തെ തേടി എത്തിയതോടെ തമിഴകത്തെ മുൻ നിര നായികമാരിൽ ഒരാളായി താരം മാറുകയായിരുന്നു. മഹാനടി എന്ന തെലുങ്ക് ചിത്രത്തിലൂടെ മികച്ച നടിയ്‌ക്കുള്ള ദേശീയ പുരസ്‌കാരവും താരത്തെ തേടിയെത്തി.
താരത്തിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ദസറ എന്ന ചിത്രവും സൂപ്പർഹിറ്റായിരുന്നു. മാമന്നൻ ആണ് കീർത്തിയുടെ അടുത്ത സിനിമ. ഇപ്പോഴിതാ താരത്തിന്റെ കരിയറിലെ ഉയർച്ച താഴ്ചകളെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് കീർത്തി സുരേഷ്.
താരത്തിന്റെ വാക്കുകൾ…
‘ചില സമയത്ത് ഇൻസെക്യൂരിറ്റികൾ വരും. മഹാനടി എന്ന സിനിമയ്‌ക്ക് മികച്ച സ്വീകരണം ലഭിച്ചു. എന്നാൽ അതിന് ശേഷം ആറ് മാസം എനിക്ക് സിനിമകളൊന്നും വന്നില്ല. വരും എന്നാണ് കരുതിയത്. മഹാനടിക്ക് ശേഷം എനിക്ക് കൊമേഴ്ഷ്യൽ സിനിമ ചെയ്യാനായിരുന്നു ആഗ്രഹം. പക്ഷെ എനിക്ക് വന്നത് മുഴുവൻ സ്ത്രീ കേന്ദ്രീകൃത സിനിമകളാണ്. മൂന്ന് നാല് മാസം ഞാൻ ഓഫറുകളൊന്നും സ്വീകരിച്ചില്ല. ഒരു ഘട്ടത്തിനപ്പുറം എനിക്ക് സാമ്പത്തിക ഭദ്രതയും വേണമെന്നതിനാൽ എന്തെങ്കിലും ചെയ്യണമെന്ന് കരുതി. സാമ്പത്തിക സ്ഥിരതയില്ലാത്ത ആ സമയത്ത് എനിക്ക് ഇൻസെക്യൂരിറ്റികൾ ഉണ്ടായിരുന്നു. പക്ഷെ കുറച്ച് നാളുകൾക്കുള്ളിൽ അടുത്ത സിനിമ ലഭിച്ചു. 2018 എന്റെ കരിയറിലെ നല്ല വർഷമായിരുന്നു. ഒരു സമയത്ത് അഞ്ചോ ആറോ സിനിമകൾ ചെയ്തു. നഷ്ടമായ അവസരങ്ങളെക്കുറിച്ച് ആലോചിച്ചിട്ടില്ല. ഡാൻസ് രംഗങ്ങളിൽ ധരിക്കുന്ന വസ്ത്രങ്ങളിൽ പാതിയും കംഫർട്ടബിൾ അല്ല. പക്ഷെ അത് നമ്മുടെ ജോലിയാണ്. കാണാൻ നന്നായി തോന്നണമെങ്കിൽ ചിലപ്പോൾ കംഫർട്ടബിൾ അല്ലാത്ത വസ്ത്രം ധരിക്കേണ്ടി വരും. ഡാൻസ് ചെയ്യുമ്പോൾ റിഹേഴ്‌സലിൽ ആ വസ്ത്രം ധരിച്ച് കംഫർട്ടബിൾ ആക്കുന്നതായിരുന്നു രീതി’യെന്നും താരം പറഞ്ഞു.
എന്നാൽ നടി പൊന്നിയൻ സെൽവനിലെ അവസരം വേണ്ടെന്ന് വെച്ചിരുന്നു. അണ്ണാത്തെ എന്ന രജിനികാന്ത് ചിത്രത്തിന്റെ തിരക്കിലായിരുന്നു നടി. എന്നാൽ പ്രദർശനത്തിനെത്തി അണ്ണാത്തെ ബോക്‌സ്ഓഫീസിൽ പരാജയപ്പെടുകയും പൊന്നിയിൻ സെൽവൻ വൻ വിജയം കൈവരിക്കുകയുമായിരുന്നു. ഈ സാഹചര്യത്തിലാണ് കീർത്തിക്ക് നഷ്ടമായ അവസരം ചർച്ചയായത്. ഏത് കഥാപാത്രത്തിനായാണ് കീർത്തിയെ മണിരത്‌നം സമീപിച്ചതെന്ന് വ്യക്തമല്ല. കുന്ദവി, നന്ദിനി എന്നീ സ്ത്രീ കഥാപാത്രങ്ങൾക്കാണ് സിനിമയിൽ പ്രാധാന്യം ലഭിച്ചത്. ഐശ്വര്യ റായ് ആണ് നന്ദിനിയെ അവതരിപ്പിച്ചത്. കുന്ദവിയായി തൃഷയും ചിത്രത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.
Comments