ന്യൂഡൽഹി: എസ്എഫ്‌ഐ നേതാക്കൾ ഉൾപ്പെട്ട വ്യാജരേഖ കേസുകളിൽ യുജിസി ചെയർമാന് പരാതി നൽകി ബിജെപി കേരള ഘടകം. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനാണ് പരാതി നൽകിയത്. ആരോപണങ്ങളിൽ അന്വേഷണം നടത്തി തിരുത്തൽ നടപടി സ്വീകരിക്കണമെന്നും അന്വേഷണ സമിതിയെ നിയമിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു. നാക് ചെയർമാനും പരാതി നൽകിയിട്ടുണ്ട്.
സ്വയംഭരണാധികാരമുള്ള കോളേജുകൾ യുജിസി ചട്ടം അനുസരിച്ചാണോ പ്രവർത്തിക്കുന്നതെന്ന് പരിശോധിക്കണമെന്നും സുരേന്ദ്രൻ പരാതിയിൽ ആവശ്യപ്പെട്ടു. സർവകലാശാലകളുടെ വ്യാജരേഖകൾ കോളേജ് പ്രവേശനത്തിനും അദ്ധ്യാപനത്തിനും ഉപയോഗിക്കുന്നതിനെക്കുറിച്ച് വിപുലമായി അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.
എസ്എഫ്‌ഐ നടത്തുന്ന തട്ടിപ്പുകൾക്കെതിരെ കോൺഗ്രസിന്റെ യുവജന-വിദ്യാർത്ഥി സംഘടനകൾ സമരം ചെയ്യാത്തത് അഡ്ജസ്റ്റ്‌മെന്റ് രാഷ്‌ട്രീയമാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. എബിവിപിയും യുവമോർച്ചയും മാത്രമാണ് സർക്കാർ സ്‌പോൺസേർഡ് എസ്എഫ്‌ഐ തട്ടിപ്പിനെതിരെ തെരുവിൽ സമരം ചെയ്യുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. സിപിഎമ്മിന്റെ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ ഇരയാവുന്ന മാദ്ധ്യമപ്രവർത്തകർക്ക് വേണ്ടി ബിജെപി ശബ്ദിക്കും. ഇത് ക്യൂബയോ ചൈനയോ അല്ല കേരളമാണെന്ന് എംവി ഗോവിന്ദൻ മനസിലാക്കണം. ഭീഷണിയ്‌ക്ക് മുമ്പിൽ ഇവിടുത്തെ ജനങ്ങൾ മുട്ടുമടക്കില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
















Comments