കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരനെ അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്. സുധാകരൻ രണ്ടാം പ്രതിയായ കേസിൽ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസിൽ സുധാകരന് ഹൈക്കോടതി ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.
അറസ്റ്റ് പ്രതീക്ഷിച്ചിരുന്നതാണെന്ന് കോൺഗ്രസ് നേതാവ് എം. ലിജു പറഞ്ഞു. കെപിസിസി അദ്ധ്യക്ഷനെ കള്ളക്കേസിൽ കുടുക്കി ഭയപ്പെടുത്താനാണ് ശ്രമമെങ്കിൽ അത് നടക്കില്ല. സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്നും ലിജു പറഞ്ഞു.
അറസ്റ്റ് രേഖപ്പെടുത്തിയാലും 50,000 രൂപ ബോണ്ടിൽ ജാമ്യത്തിൽ വിടണമെന്നും സാക്ഷിമൊഴികളെ സ്വാധീനിക്കരുതെന്നും കോടതി നിർദ്ദേശിച്ചിരുന്നു. രണ്ടാഴ്ചത്തേയ്‌ക്കാണ് ഇടക്കാല ഉത്തരവ്. തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയാക്കി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് മുൻകൂർ ജാമ്യാപേക്ഷയുമായി സുധാകരൻ ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ കോടതി സുധാകരന്റെ അറസ്റ്റ് തടഞ്ഞിരുന്നു. ബുധനാഴ്ച ഹർജി വീണ്ടും പരിഗണിച്ച കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു.
സുധാകരന് എതിരെ ഡിജിറ്റൽ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. പത്ത് ലക്ഷം രൂപ കൊടുക്കുന്നത് കണ്ടെന്ന് സാക്ഷിമൊഴികളുണ്ടെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിരുന്നു.
















Comments