ശ്രീനഗർ: സായുധസേനയ്‌ക്ക് നേരെയുളള കല്ലേറ് പ്രധാന വ്യവസായമായിരുന്ന
ജമ്മു കശ്മീരിൽ 2023-ൽ ഇത്തരത്തിലുള്ള ഒറ്റ കേസ് പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് റിപ്പോർട്ട്. 2022-ൽ ആകെ റിപ്പോർട്ട് ചെയ്തത് അഞ്ച് കേസുകൾ മാത്രമാണ്. 2016-ൽ 2653 കേസും 2017-ൽ 1412 , 2019-ൽ 2009 കേസുകൾ ഉണ്ടായി. 2020-ന് ശേഷം താഴ്‌വരയിൽ ഇത്തരം സംഭവങ്ങൾ കാര്യമായി റിപ്പോർട്ട് ചെയ്തിട്ടില്ല.
കല്ലേറ് നടത്താൻ ഐഎസ്‌ഐ 800 കോടി രൂപ ഇതുവരെ നൽകിയെന്നാണ് ഇന്റലിജൻസ് ബ്യൂറോയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. ഭീമമായ പണം ലഭിക്കുന്നതിനാൽ കല്ലെറിയുന്ന സംഘടന പോലും കശ്മീരിൽ പ്രവർത്തിച്ചിരുന്നു. പഥർ ബാസ് അസോസിയോഷൻ എന്ന സംഘടന ഇത്തരത്തിലൊന്നാണ്. കശ്മീർ താഴ് വരയിലെ യുവാക്കൾക്ക് ജോലി ചെയ്യാതെ പണം ഉണ്ടാക്കാനുള്ള മാർഗ്ഗമായിരുന്നു കല്ലേറ്. തിവ്രവാദസംഘടനയും ഐഎസ്‌ഐയും പലവിധേന സായുധസേനയെ ആക്രമിക്കാനും കല്ലെറിയാനും പണം എത്തിച്ചു നൽകിയിരുന്നു. വിഘടനവാദി നേതാക്കളാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചത്.
സൈന്യവും എൻഐഎയും പോലീസും നടത്തിയ സംയുക്ത ശ്രമങ്ങൾ വഴിയാണ് കല്ലേറ് സംഘങ്ങളെ അമർച്ച ചെയ്യാൻ സാധിച്ചത്. കേന്ദ്രസർക്കാർ വിദേശ ഫണ്ടിംഗും ഹവാല ഇടപാടും പൂർണ്ണമായും നിയന്ത്രിച്ചതൊടെ പണം എത്തിക്കാനുള്ള വഴിയടഞ്ഞു. മത മൗലികവാദികളാകുന്നതിൽ നിന്നും യുവാക്കളെ പിന്തിരിപ്പിക്കാനുള്ള ഡിറാഡിക്കലൈസേഷൻ പ്രവർത്തനങ്ങളും കേന്ദ്രസർക്കാർ നടപ്പിലാക്കി. ഒപ്പം കല്ലേറ് കേസിൽ അകപ്പെട്ടവർക്കെതിരെ നടപടികൾ ശക്തമാക്കുകയും തീഹാർ ജയിലിലേക്ക് അയക്കുകയും ചെയ്തു. ഇതും ഒരു പരിധിവരെ ഇത്തരം സംഭവങ്ങളിലേക്ക് തിരിയുന്നതിൽ നിന്നും യുവാക്കളെ തടഞ്ഞു എന്നും വിലയിരുത്തപ്പെടുന്നു. ഒരു തവണ കല്ലെറിഞ്ഞാൽ ആയിരക്കണക്കിന് രൂപയാണ് യുവാക്കൾക്ക് ലഭിച്ചിരുന്നത്.
















Comments