എറണാകുളം: സംസ്ഥാന വ്യാപാകമായ ആദായ നികുതി വകുപ്പ് റെയ്ഡിൽ യൂട്യൂബർമാരിൽ നിന്ന് കണ്ടെത്തിയത് 26 കോടിയുടെ നികുതി വെട്ടിപ്പ്. നികുതി അടയ്‌ക്കുന്നതിൽ വീഴ്ച വരുത്തിയ യൂട്യൂബർമാർ നികുതിയിനത്തിൽ അടയ്‌ക്കേണ്ട തുകയാണിത്. നികുതിയടയ്‌ക്കാത്ത 13 യൂട്യൂബർമാർക്കെതിരെ ആദായ നികുതി വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്.
കോടികൾ പ്രതിവർഷ വരുമാനമുണ്ടാക്കുന്ന കേരളത്തിലെ പ്രമുഖരായ യൂട്യൂബർമാരുടെ വീടുകളിലും, ഓഫീസുകളിലും നടത്തിയ റെയ്ഡിന് ശേഷം നികുതിയിനത്തിൽ ഇവർ അടയ്‌ക്കേണ്ട തുക തിട്ടപ്പെടുത്തുകയാണ് ഇൻകം ടാക്‌സ്. 26 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് നടന്നതെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. രണ്ട് കോടി രൂപ വരെ വാർഷിക വരുമാനമുള്ള യൂട്യൂബർമാർ നികുതിയിനത്തിൽ ഒരു രൂപ പോലും അടച്ചിരുന്നില്ല. ചിലർ ഐപി വിലാസം വിദേശങ്ങളിൽ രജിസ്റ്റർ ചെയ്തും നികുതി വെട്ടിപ്പുകൾ നടത്തിയിട്ടുണ്ട്. നികുതിപ്പണം തിരികെ പിടിക്കാനുള്ള നടപടികളാണ് ഇൻകം ടാക്‌സ് ആരംഭിച്ചിരിക്കുന്നത്. ഒരോരുത്തരും അടയ്‌ക്കേണ്ട നികുതി നിർണയിച്ച് നോട്ടീസ് നൽകും.
നികുതി അടയ്‌ക്കുന്നില്ലെന്ന് കണ്ടെത്തിയ 13 യൂട്യൂബർമാർക്കെതിരെയാണ് തുടർ നടപടി. കൃത്യമായി നികുതി അടയ്‌ക്കുന്നുണ്ടെന്ന് ചിലർ ഇൻകം ടാക്‌സിനെ രേഖാമൂലം അറിയിച്ചിട്ടുണ്ട്. യൂട്യൂബ് വരുമാനത്തിന് നികുതി നൽകണമെന്ന് അറിയില്ലായിരുന്നുവെന്നാണ് ചില യൂട്യൂബർമാർ നൽകിയ വിശദീകരണം. തൽക്കാലം കടുത്ത നടപടികളിലേക്ക് കടക്കാതെ മുഴുവൻ യുട്യൂബർമാരെയും നികുതി പരിധിയിൽ കൊണ്ടുവരാനാണ് ഇൻകം ടാക്‌സ് ശ്രമം. ആദായ നികുതി വെട്ടിപ്പിൽ വ്യാപക പരിശോധനകൾ ഇനി തുടരും.
















Comments