അഭിനയം മാത്രമല്ല വരയും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ച കലാകാരിയായ ശ്യാമിലി ഒരു കാലത്ത് സിനിമ ആസ്വാദകരുടെ മാനസപുത്രി കൂടിയായിരുന്നു. പ്രശസ്ത ആർട്ടിസ്റ്റായ എവി ഇളങ്കോ ആണ് ചിത്രരചനയിൽ ശ്യാമിലിയുടെ ഗുരുസ്ഥാനിയൻ. ഇതിനോടകം തന്നെ താരം നിരവധി ആർട്ട് ഗ്യാലറികളിൽ വരച്ച ചിത്രങ്ങളൊക്കെയും പ്രദർശിപ്പിച്ചിട്ടുണ്ട്. ഇപ്പോഴിതാ സഹോദരി ശ്യാമിലിയുടെ ആദ്യ സോളോ ആർട്ട് ഷോയായ ‘ഷീ’ കാണുന്നതിനായി ശാലിനിയുടെയും മക്കളായ അനൗഷ്‌കയുടെയും ആദ്‌വിക്കിന്റെയും ചിത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.
സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ താര ജോഡികളല്ല അജിത്തും ശാലിനിയും. സമീപകാലത്തായിരുന്നു ശാലിനി ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് ആരംഭിച്ചത്. താരദമ്പതികൾ സമൂഹമാദ്ധ്യമങ്ങളിൽ സജീവമല്ലാത്തതിനാൽ തന്നെ അജിത്തിന്റെയും ശാലിനിയുടെയും കുടുംബചിത്രങ്ങൾ അപൂർവ്വമായി മാത്രമാണ് ആരാധകരിലേക്ക് എത്താറുള്ളത്. ഇപ്പോഴിതാ ഷോയ്‌ക്കെത്തിയ അമ്മയുടെയും മകളുടെയും ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ശാലിനിയോളം തന്നെ പൊക്കം വെച്ചിരിക്കുകയാണ് മകൾ അനൗഷ്‌കയും. ഞങ്ങളുടെ മാമാട്ടിക്കുട്ടിയമ്മയ്‌ക്ക് ഇത്രയും വലിയ മകളായല്ലേ എന്നാണ് ആരാധകർ കമന്റ് ചെയ്തിരിക്കുന്നത്.
തമിഴിന് പുറമേ മലയാളത്തിലും അജിത്തിനുള്ള ആരാധകർ ചെറുതല്ല. ശാലിനിയെ വിവാഹം ചെയ്ത് മലയാളത്തിന്റെ മരുമകനായ താരമെന്നാണ് ആരാധകർ അദ്ദേഹത്തെ വിശേഷിപ്പിക്കാറുള്ളത്. അജിത്-ശാലിനി താരജോഡികളുടെ വിശേഷങ്ങൾ അറിയുന്നതിനും ചിത്രങ്ങൾ കാണുന്നതിനുമെല്ലാം പ്രേക്ഷകർക്ക് ഇന്നും വളരെയധികം താൽപര്യമാണ്. 1999-ൽ അമർക്കുളം എന്ന ചിത്രത്തിൽ അഭിനയിക്കവെയാണ് അജിത്തും ശാലിനിയും പ്രണയിതരാകുന്നത്. പിന്നീട് 2000-ൽ ഇരുവരും വിവാഹിതരായി. നായികയായിരുന്ന ശാലിനിയുടെ നേർക്ക് കത്തി വീശുന്ന ഷോട്ടിൽ അജിത് ശാലിനിയുടെ കൈ അറിയാതെ മുറിച്ചത് മുതലായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയം ആരംഭിക്കുന്നത്. ബാലതാരമായി സിനിമയിലെത്തി നായികയായി വളർന്ന ശാലിനി വിവാഹത്തോടെ സിനിമയിൽ നിന്നും ഇടവേളയെടുക്കുകയായിരുന്നു.
Comments