കൊച്ചി: നടൻ ശ്രീനാഥ് ഭാസിയ്ക്ക് തൽക്കാലം താരസംഘടനയായ അമ്മയിൽ അംഗത്വം നൽകേണ്ടെന്ന് തീരുമാനം. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന എക്‌സിക്യൂട്ടീവ് യോഗത്തിലായിരുന്നു തീരുമാനം. നടനെതിരെ നിർമ്മാതാക്കളുടെ വിലക്ക് നിലനിൽക്കെ ആയിരുന്നു അമ്മയുടെ തീരുമാനം. താരവും നിർമ്മാതാക്കളും തമ്മിലുള്ള പ്രശനം പരിഹരിച്ച ശേഷമേ ഇനി ശ്രീനാഥ് ഭാസിയുടെ അംഗത്വം സ്വീകരിക്കുകയുള്ളു. നടൻ ഷൈൻ നിഗമും നിർമ്മാതാക്കളും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുന്നതിന് ചർച്ചകൾ നടത്താനും യോഗത്തിൽ തീരുമാനമായി.
അതേസമയം നടി നിഖില വിമൽ അടക്കം ഏഴ്‌പേർക്കാണ് സംഘടന പുതിയ അംഗത്വം നൽകിയത്. ഏപ്രിലിൽ ആയിരുന്നു ശ്രീനാഥ് ഭാസിക്കും ഷെയിൻ നിഗത്തിനും സിനിമയിൽ വിലക്ക് ഏർപ്പെടുത്തിയത്. നടൻമാരുടെ സിനിമകളുമായി സഹകരിക്കില്ലെന്നായിരുന്നു സംഘടനകളുടെ തീരുമാനം. അമ്മ ഉൾപ്പെട്ട യോഗത്തിൽ തന്നെയായിരുന്നു തീരുമാനം.
സിനിമ സെറ്റുകളിൽ ഇരുവരുടെയും പെരുമാറ്റം അസഹനീയമാണെന്നായിരുന്നു സംഘടനകൾ ആരോപിച്ചിരുന്നത്. മിക്കവാറും ലൊക്കേഷനുകളിൽ വൈകിയാണ് ശ്രീനാഥ് ഭാസി എത്തുന്നത്. ഷൈൻ നീഗവും ഇതേ രീതി തന്നെയാണ് പിൻതുടരുന്നത്. ഇത് നിർമാതാക്കൾ ഉൾപ്പെടെയുള്ള സഹപ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ് എന്നായിരുന്നു പരാതി.
Comments