ഇന്ത്യയെ ലോക ക്രിക്കറ്റിൽ അടയാളപ്പെടുത്തിയ 1983 ലോകകപ്പ് വിജയത്തിന് ഇന്ന് നാലുപതിറ്റാണ്ടിന്റെ മധുരം. ഒരു ജൂൺ 25നായിരുന്നു ‘കപിലിന്റെ ചെകുത്താൻമാർ’എന്ന് പിൽക്കാലത്ത് അറിയപ്പെട്ട ആരും അംഗീകരിക്കാതിരുന്ന ഒരുസംഘം യുവാക്കൾ ലോകരാജ്യങ്ങളെ അത്ഭുതപ്പെടുത്തിയും സ്വന്തം രാജ്യത്തെ പ്രചോദിപ്പിച്ചും ആ കനക കിരീടം ചൂടിയത്. പുറപ്പെടും മുൻപേ തന്നെ റിട്ടേൺ ടിക്കറ്റുമെടുത്ത് ഇംഗ്ലണ്ട് ചുറ്റിക്കാണാനും പറ്റിയാൽ ലോകകപ്പ് കളിക്കാനും ആശംസിച്ചു വിമാനം കയറ്റിവിട്ടവരാണ് ക്രിക്കറ്റ് മെക്കയിൽ നിന്ന് ഇന്ത്യയെ അടയാളപ്പെടുത്തിയ നേട്ടവുമായി മടങ്ങിയത്.
വീണ്ടുമൊരു ഏകദിന ലോകകപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ, കപിൽ ദേവിന്റെയും സംഘത്തിന്റെയും ചരിത്രനേട്ടം എക്കാലവും തിളങ്ങുന്ന ഓർമ്മയാണ്. ആദ്യ ലോകകപ്പിന് വിമാനം പിടിക്കുമ്പോൾ കപിലിനും സംഘത്തിനും നേരിടേണ്ടിവന്നത് സമാനതകളില്ലാത്ത അപമാനവും തിരിച്ചടികളുമായിരുന്നു. പരിശീലകൻ ഫിസിയോ തുടങ്ങിയവർ ടീമിനുണ്ടായിരുന്നില്ല. സ്‌പോൺസർമാരില്ലാതെ ഇംഗ്ലണ്ടിലേക്ക് തിരിച്ച ടീമിന്റെ ചെലവുകൾ ഏറ്റെടുത്തത് ബി.സി.സി.ഐ തന്നെയായിരുന്നു. ലോകകപ്പിൽ ഇന്ത്യയിൽ നിന്ന് അത്ഭുതങ്ങളുണ്ടാകില്ലെന്ന് കരുതിയാണ് സ്‌പോൺസർമാർ അകന്നു നിന്നത്. ഓരോ മത്സരത്തിനും ടീമംഗങ്ങൾക്ക് ലഭിച്ചത് 2,100 രൂപ വീതമായിരുന്നു.ഇതൊരു ദേശീയ ടീമോ എന്നുപോലും വിമർശനം ഉയർന്നിരുന്നു.
ടീമിലെ മുതിർ അംഗങ്ങൾ ബാറ്റിംഗ്-ബൗളിംഗ് ഓർഡറുകൾ തീരുമാനിച്ചു. പരിക്കേൽക്കുന്നവരെ ടീമംഗങ്ങൾ തന്നെ പരിചരിച്ചു. ഇതേസമയം ഫൈനൽ നടക്കുന്ന ലോർഡ്്‌സിലേക്കുള്ള പാസ് നൽകാതെയും ഇന്ത്യയെ അപമാനിച്ചു. തുടക്കത്തിലെ തോറ്റ് മടങ്ങുമെന്ന് വിചാരച്ചിട്ടായിരുന്നുയിത്. ഇന്ത്യ ഫൈനൽ ഉറപ്പിച്ചതോടെ സ്‌പെഷൽ പാസ് നൽകിയാണ് താരങ്ങളെ ലോഡ്‌സിൽ പ്രവേശിപ്പിച്ചത്. ഡബിൾ റൗണ്ട് റോബിൻ രീതിലാണ് 1983 ലോകകപ്പ് ടൂർണമെന്റ് നടന്നത്. ഗ്രൂപ്പ് എ- ഇംഗ്ലണ്ട്, പാക്കിസ്ഥാൻ, ന്യൂസീലൻഡ്, ശ്രീലങ്ക. ഗ്രൂപ്പ് ബി- വെസ്റ്റ് ഇൻഡീസ്, ഇന്ത്യ, ഓസ്ട്രേലിയ, സിംബാബ്വെ ടീമുകൾ അണിനിരന്നു. ടീമുകൾ രണ്ടു തവണ പരസ്പരം കളിക്കണം. കൂടുതൽ പോയിന്റ് കിട്ടുന്ന നാലു ടീമുകൾ സെമിയിലെത്തും.
വെസ്റ്റിൻഡീസിനെതിരായ ആദ്യ മത്സരത്തിൽ ഇന്ത്യ 34 റൺസിനു വിജയിച്ചു. സിംബാബ്‌വെയോട് അഞ്ച് വിക്കറ്റിനും ജയിച്ചു. ഓസ്ട്രേലിയയ്‌ക്കെതിരായ മത്സരത്തിൽ കപിൽ അഞ്ചു വിക്കറ്റ് നേടിയെങ്കിലും ഇന്ത്യ 162 റൺസിന് തോറ്റു, റിട്ടേൺ മാച്ചിൽ കരീബിയൻ പട പക വീട്ടി, ഇന്ത്യക്ക് 66 റൺസ് തോൽവി. സെമിയിലെത്താൻ സിംബാബ്‌വെയ്‌ക്കെതിരായ ലീഗ് മൽസരത്തിലെ വിജയം ഇന്ത്യയ്‌ക്കു നിർണായകമായി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യയുടെ മുൻനിര അവിശ്വസനീയമായി തകർന്നു വീണു. പതിനേഴു റൺസെടുക്കുന്നതിനിടെ അഞ്ചു ബാറ്റർമാർ പുറത്ത്. 77 നു ആറാം വിക്കറ്റും 78 ന് ഏഴാം വിക്കറ്റും നിലംപൊത്തി. കപിലിനു കൂട്ടായി റോജർ ബിന്നി ക്രീസിലെത്തി. പരാജയം തുറിച്ചുനോക്കിയ വേളയിൽ ബിന്നിയെ സാക്ഷിയാക്കി കപിൽ മറ്റേയറ്റത്തു വെടിക്കെട്ടിനു തിരികൊളുത്തിയതോടെ കളി മാറി.
നാലായിരത്തിയഞ്ഞൂറോളം വരുന്ന കാണികൾ കപിലിന്റെ ഷോട്ടുകൾക്കു ആർത്തുവിളിച്ചു. 140 എത്തിയപ്പോൾ ബിന്നി പുറത്തായെങ്കിലും വിക്കറ്റ് കീപ്പർ സയിദ് കിർമാനിയെ കൂട്ടുപിടിച്ച് ഒൻപതാം വിക്കറ്റിൽ കപിൽ കൊടുങ്കാറ്റായി ആഞ്ഞുവീശി. 138 പന്തിൽ 16 ബൗണ്ടറിയും ആറു സിക്സറുകളുമടക്കം 175 റൺസ് ! അറുപത് ഓവർ കഴിഞ്ഞപ്പോഴും പുറത്താകാതെ നിന്ന കപിൽ, ഏകദിനക്രിക്കറ്റിലെ ഏറ്റവും മികച്ച വ്യക്തിഗത സ്‌കോർ എന്ന ലോകറെക്കോർഡുമായാണ് കളിക്കളം വിട്ടത്.
കപിലും കിർമാനിയും ചേർന്നു ഒൻപതാം വിക്കറ്റിൽ പടുത്തുയർത്തിയ 126 റൺസിന്റെ കൂട്ടുകെട്ടും റെക്കോർഡ് ബുക്കിൽ ഇടം പിടിച്ചു. വെറും 24 റൺസ് മാത്രമായിരുന്നു ഇതിൽ കിർമാനിയുടെ സംഭാവന. ഇന്ത്യയുടെ വിജയം ഭാഗ്യം മൂലമാണ് എന്നെഴുതിയ ഇംഗ്ലിഷ് പത്രങ്ങൾ കപിൽ ചുരുട്ടിക്കൂട്ടി വലിച്ചെറിഞ്ഞു. സെമിയിൽ ആതിഥേയരായ ഇംഗ്ലണ്ട് ആയിരുന്നു ഇന്ത്യയുടെ എതിരാളികൾ. ഗവർ, ഗാറ്റിങ്, ലാംബ്, ബോതം ബോബ് വില്ലീസ് തുടങ്ങിയ പ്രതിഭാധനന്മാർക്കെതിരെ ഇംഗ്ലീഷ് മണ്ണിൽ ഇന്ത്യയ്‌ക്ക് വെല്ലുവിളി ഉയർത്താൻ പോലും കഴിയുകയില്ലെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തൽ. കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ച് ഇന്ത്യ ജയിച്ചു.
ലോഡ്സിൽ ഇന്ത്യ- വെസ്റ്റിൻഡീസ് ഫൈനലിനു അരങ്ങൊരുങ്ങി. ടോസ് അനുകൂലമായതോടെ വിൻഡീസ് ക്യാപ്റ്റൻ ക്ലൈവ് ലോയ്ഡ് ആദ്യം ബോളിംഗ് തിരഞ്ഞെടുത്തു. വേഗതയും കണിശതയും കൊണ്ടു എതിരാളികളുടെ മുട്ടിടിപ്പിക്കുന്ന റോബർട്സും മാർഷലും ഗാർണറും തകർത്താടിയപ്പോൾ ഇന്ത്യ ആടിയുലഞ്ഞു. അലക്ഷ്യമായി ബാറ്റുവീശിയ സുനിൽ ഗാവസ്‌കറും കപിൽദേവും കാര്യമായ സംഭാവനകൾ നൽകാതെ മടങ്ങി. 38 റൺസെടുത്ത ഓപ്പണർ ശ്രീകാന്ത് മാത്രം കൊടുങ്കാറ്റിലും പതറാതെ പിടിച്ചുനിന്നു. പക്ഷേ, പരിചയസമ്പന്നരായ വെസ്റ്റിൻഡീസ് ബൗളർമാർ ഒരാളെപ്പോലും നിലംതൊടാൻ അനുവദിച്ചില്ല. 54.4 ഓവറിൽ 183 ന് ഇന്ത്യ പുറത്തായി. ആരാധകർ തോൽവി ഉറപ്പിച്ച നിമിഷങ്ങളായിരുന്നു അത്.
തുടർച്ചയായി മൂന്നു ലോകകിരീടം നേടി വിരമിക്കാനുള്ള ക്ലൈവ് ലോയ്ഡിന്റെ മോഹങ്ങൾ യാഥാർത്ഥ്യമാകുമെന്ന് വിൻഡീസ് ആരാധകർ ഉറപ്പിച്ച നിമിഷം. എന്നാൽ ബാറ്റിംഗ് തുടങ്ങിയതോടെ ഇന്ത്യയുടെ പ്രതിരോധത്തിൽ കരീബിയൻ കരുത്തന്മാരുടെ മുട്ടിടിച്ചു. ബൽവീന്ദർ സിങ് സന്ധുവും മദൻലാലും തീതുപ്പി. മദൻലാലിനെ സിക്‌സറിന് പറത്താനുള്ള റിച്ചാർഡ്‌സിന്റെ ഒരു ‘ഹൂക്ക്’ ഷോർട്ട് അവസാനിച്ചത് 20വാര പിന്നോട്ടോടിയ ക്യാപ്റ്റൻ കപിലിന്റെ കൈകളിൽ. എട്ടു റൺസെടുത്ത ലോയ്ഡിനെ റോജർ ബിന്നി വീഴ്‌ത്തിയതോടെ ഇന്ത്യയ്‌ക്ക് പ്രതീക്ഷയായി. വിൻഡീസ് അഞ്ചിന് 66.
പ്രതീക്ഷ കൈവെടിയാത്ത വിക്കറ്റ് കീപ്പർ ഡുജോൺ(25) ഒന്നര മണിക്കൂർ ക്രീസിൽ ചെറുത്തുനിന്നു. മൊഹീന്ദർ അമർനാഥിന്റെ പന്ത് ഡുജോണിന്റെ കുറ്റിതെറിപ്പിച്ചപ്പോൾ ഗാലറിയിൽ ഇന്ത്യൻ പതാകകൾ ഉയർന്നു. മൊഹീന്ദറിന്റെ അടുത്ത ഓവറിൽ മാർഷൽ(18) പുറത്തായി. രണ്ടു റൺസിനുശേഷം റോബർട്സ് (4)കപിലിനു കീഴടങ്ങി. വിൻഡീസ് ഒൻപതിനു 126. വിജയം 58 റൺസ് അകലെ. ഗാർണറും ഹോൾഡിങ്ങുമായിരുന്നു അവസാന പടയാളികൾ. 52 -ാം ഓവറിലെ അവസാന പന്തിൽ മൊഹീന്ദർ ഹോൾഡിംഗിനെ വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ സ്‌റ്റേഡിയം ഒന്നാകെ ഗ്രൗണ്ടിലേക്ക് കുതിച്ചു. ലോക ക്രിക്കറ്റിൽ ഇന്ത്യ തങ്ങളെ അടായളപ്പെടുത്തിയിരിക്കുന്നു….!
Comments