മലപ്പുറം: പൊതുജനമധ്യത്തിൽ അശ്ലീല പദപ്രയോഗം നടത്തിയതോടെ വിവാദത്തിലായ ‘തൊപ്പി’യെന്ന യൂട്യൂബ് വ്ളോഗർ മുഹമ്മദ് നിഹാദിനെതിരെ വീണ്ടും പോലീസിൽ പരാതി. ‘തൊപ്പി’ യൂട്യൂബിൽ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോകൾ സമൂഹ മാദ്ധ്യമങ്ങളിൽ നിന്ന് നീക്കണമെന്നാണ് പരാതിയിലെ ആവശ്യം. ഒരു കൂട്ടം യുവാക്കൾ ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നൽകിയിരിക്കുന്നത്.
കൊളത്തൂർ സ്വദേശി അമീർ അബ്ബാസ്, കോഡൂർ സ്വദേശി എം.ടി. മുർഷിദ്, അരീക്കോട് സ്വദേശി മുഹമ്മദ്കുട്ടി മാടശ്ശേരി എന്നിവരാണ് വിവാദ യൂട്യൂബർക്കെതിരെ പരാതി നൽകിയത്. തൊപ്പിയുടെ അശ്ലീല സംഭാഷണങ്ങടങ്ങിയ വീഡിയോകൾ യൂട്യൂബ് ഉൾപ്പെടെയുള്ള സാമൂഹിക മാദ്ധ്യമങ്ങളിൽ നിലനിൽക്കുന്നിടത്തോളം കാലം അത് പ്രായപൂർത്തിയാകാത്ത കുട്ടികളെ വഴിതെറ്റിക്കാൻ കാരണമാകും. ചെറിയ കുട്ടികളെ കുറ്റകൃത്യങ്ങൾ ചെയ്യിപ്പിക്കാൻ പോലും ഇത്തരം വീഡിയോകൾ പ്രചോദിപ്പിക്കുമെന്ന് ചൂണ്ടിക്കാട്ടി വിവാദ വീഡിയോകൾ യൂട്യൂബിൽ നിന്ന് നീക്കണമെന്ന് മലപ്പുറത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ പരാതിക്കാർ ആവശ്യപ്പെട്ടു.
Comments