കെയ്‌റോ: ഈജിപ്തിന്റെ പരമോന്നത ബഹുമതിയായ ‘ഓർഡർ ഓഫ് ദ നൈൽ’ പുരസ്‌കാരം പ്രധാനമന്ത്രിയ്‌ക്ക. ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സിസിയാണ് പുരസ്‌ക്കാരം സമ്മാനിച്ചത്. ഉഭയകക്ഷി കൂടിക്കാഴ്ചയ്‌ക്ക് മുന്നോടിയായാണ് പ്രധാനമന്ത്രിക്ക് പുരസ്‌കാരം സമ്മാനിച്ചത്. ശേഷം നടന്ന കൂടിക്കാഴ്ചയിൽ ഇരു നേതാക്കളും സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. 1997-ന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഈജിപ്ത് സന്ദർശിക്കുന്നത്.
ഇന്ത്യയിലെ ദാവൂദി ബൊഹ്റ സമൂഹത്തിന്റെ സഹായത്തോടെ പുനഃസ്ഥാപിച്ച കെയ്റോയിലെ പതിനൊന്നാം നൂറ്റാണ്ടിലെ അൽ-ഹക്കിം മസ്ജിദ് പ്രധാനമന്ത്രി സന്ദർശിച്ചു. മൂന്ന് മാസം മുമ്പാണ് മസ്ജിദ് പുനരുദ്ധാരണം പൂർത്തിയാക്കിയത്. കെയ്റോയിലെ നാലാമത്തെ ഏറ്റവും പഴക്കമുള്ള പള്ളിയും ഈജിപ്ഷ്യൻ തലസ്ഥാനത്ത് നിർമ്മിക്കുന്ന രണ്ടാമത്തെ ഫാത്തിമിദ് പള്ളിയുമാണ് അൽ ഹക്കിം.
ഹീലിയോപോളിസ് കോമൺവെൽത്ത് യുദ്ധ സെമിത്തേരി സന്ദർശിച്ച പ്രധാനമന്ത്രി ഒന്നാം ലോകമഹായുദ്ധകാലത്ത് ഈജിപ്തിലും പലസ്തീനിലും ധീരമായി പോരാടി വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ഹീലിയോപോളിസ് (പോർട്ട് ട്യൂഫിക്) സ്മാരകവും ഹീലിയോപോളിസ് (ഏഡൻ) സ്മാരകവും അടങ്ങുന്ന സെമിത്തേരിയിൽ പ്രധാനമന്ത്രി പുഷ്പാഞ്ജലി അർപ്പിച്ചു. സന്ദർശക പുസ്തകത്തിൽ ഒപ്പിടുകയും ചെയ്തു. ഒന്നാം ലോക മഹായുദ്ധത്തിൽ ഈജിപ്തിലും പലസ്തീനിലും പോരാടി വീരമൃത്യു വരിച്ച ഏകദേശം 4000 ഇന്ത്യൻ സൈനികരെ അനുസ്മരിക്കുന്നതാണ് സ്മാരകം
Comments