2023-ലെ ഏറ്റവും വൃത്തികെട്ട നായ മത്സരത്തിൽ കിരീടം സ്വന്തമാക്കി ചൈനീസ് നായക്കുട്ടി. ഈ കഴിഞ്ഞ ജൂൺ 23-നായിരുന്നു മത്സരം നടന്നത്. സ്‌കൂട്ടർ എന്ന നായകുട്ടിയ്‌ക്കാണ് ഈ ടൈറ്റിൽ സ്വന്തമാക്കിയിരിക്കുന്നത്. മത്സരത്തിൽ വിജയിച്ചതോടെ നായ്‌ക്കുട്ടിയ്‌ക്ക് 1,500 ഡോളറും ഒരു ട്രോഫിയും സമ്മാനമായി ലഭിച്ചു.
കഴിഞ്ഞ 50 വർഷത്തോളമായി കാലിഫോർണിയയിലെ പെറ്റാലുമയിൽ സോനോമ-മാരിൻ മേളയുടെ ഭാഗമായാണ് ലോകപ്രശസ്തമായ ഈ മത്സരം നടക്കുന്നത്.നായയെ ദത്തെടുക്കുന്നത് പ്രോത്സാഹിപ്പിക്കുക, സവിശേഷതകളുള്ള നായകളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ വേദിയൊരുക്കുക എന്നിവയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യം വെയ്‌ക്കുന്നത്.
ഏഴ് വയസ് പ്രായമായ സ്‌കൂട്ടർ വികലമായ പിൻകാലുകളോടെയായിരുന്നു ജനിച്ചത്. രോമമില്ലാത്ത ചൈനീസ് ക്രെസ്റ്റഡ് നായയെ സേവിംഗ് അനിമൽസ് ഫ്രം യൂത്തനേഷ്യ (സേഫ്) റെസ്‌ക്യൂ ഗ്രൂപ്പാണ് തെരുവിൽ ഉപേക്ഷിക്കപ്പെട്ടിരുന്ന നായക്കുട്ടിയെ രക്ഷിച്ചത്. തുടർന്ന് സംഘടനയുടെ ഭാഗമായ ഒരാൾ തന്നെ സ്‌കൂട്ടറിനെ ഏറ്റെടുക്കുകയായിരുന്നു. ഏകദേശം ഏഴ് വർഷത്തോളം അദ്ദേഹം സ്‌കൂട്ടറിന് സംരക്ഷണയൊരുക്കി. തുടർന്ന് നായയെ ലിൻഡ എൽമ്ക്വിസ്റ്റ് എന്ന മൃഗസ്നേഹി ദത്തെടുക്കുകയായിരുന്നു.
കൊറോണ മഹാമാരിയ്‌ക്ക് ശേഷം രണ്ട് വർഷത്തെ ഇടവേളയെടുത്താണ് കഴിഞ്ഞ വർഷം ലോകത്തിലെ ഏറ്റവും വൃത്തികെട്ട നായ മത്സരം നടന്നത്.
Comments