മലയാള സിനിമാ താരങ്ങളുടെ സംഗമ വേദിയായ അമ്മ സംഘടനയുടെ പൊതുയോഗം സാക്ഷിയായത് തലമുറകളുടെ കൂടിച്ചേരലുകൾക്ക്. മലയാളത്തിന്റെ ഐക്കോണിക് കഥാപാത്രങ്ങളായ പപ്പു, രതി എന്നിവരെ തിരശീലയിൽ അവതരിപ്പിച്ച പുതിയ-പഴയ താരങ്ങളാണ് ഒരുമിച്ചെത്തിയത്. ‘രതിനിർവേദം’ എന്ന ചിത്രത്തിലെ അഭിനേതാക്കളായ ജയഭാരതി, കൃഷ്ണചന്ദ്രൻ, ശ്വേത മേനോൻ, ശ്രീജിത്ത് വിജയ് എന്നിവരാണ് ഒരൊറ്റ ഫ്രെയിമിൽ എത്തിയത് .
കൃഷ്ണചന്ദ്രനാണ് സോഷ്യൽ മീഡിയയിലൂടെ ചിത്രം പങ്കുവെച്ചത്. പഴയതും പുതിയതുമായ പതിപ്പുകൾ ഒറ്റ ഫ്രെയിമിൽ എന്ന ക്യാപ്ഷനോടെയാണ് നടൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്.
1978-ലാണ് രതിനിർവേദം പുറത്തിറങ്ങിയത്. പദ്മരാജന്റെ തിരക്കഥയിൽ ഭരതനായിരുന്നു സംവിധാനം. കൗമാരപ്രായക്കാരനായ പപ്പുവും അവന്റെ രതിച്ചേച്ചിയും തമ്മിലുള്ള സ്നേഹബന്ധത്തെക്കുറിച്ച് പറഞ്ഞ ചിത്രത്തിൽ പപ്പുവായി കൃഷ്ണചന്ദ്രനും രതിയായി ജയഭാരതിയുമാണ് വേഷമിട്ടത്.
2011-ലാണ് രതിനിർവേദത്തിന്റെ റീമേക്ക് പുറത്തിറങ്ങുന്നത്. ടി കെ രാജീവ്കുമാർ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്. പപ്പുവായി ശ്രീജിത്ത് വിജയ് എത്തിയപ്പോൾ ശ്വേത മേനോനാണ് രതിയായി വേഷമിട്ടത്. 33 വർഷത്തിനു ശേഷം വന്ന റീമേക്ക് ഏറെ ഓളമുണ്ടാക്കിയിരുന്നു.
Comments