കാബുൾ: അനധികൃതമായി കുടിയേറിയ അഫ്ഗാൻ കുടിയേറ്റക്കാരെ തിരിച്ചയച്ച് തുർക്കി. മതിയായ രേഖകളില്ലാത്തതിനാൽ 230 അഫ്ഗാനികളെ തിരിച്ചയച്ചതായി തുർക്കി മാദ്ധ്യമങ്ങളെ ഉദ്ധരിച്ച് ഖാമ പ്രസ് റിപ്പോർട്ട് ചെയ്തു.
കിഴക്കൻ നഗരമായ അഗ്രിയിൽ ഒളിച്ച് താമസിച്ചവരാണ് കൂടുതൽ പേരും. കഴിഞ്ഞ വർഷം 124,441 അഫ്ഗാനികളാണ് തുർക്കി അതിർത്തി കടന്നെത്തിയത്. ഇതിൽ 68,290 അഫ്ഗാൻ അഭയാർത്ഥികളെ തിരിച്ചയച്ചതായി തുർക്കി മൈഗ്രേഷൻ ജനറൽ ഡയറക്ടറേറ്റ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
‘അഫ്ഗാനിസ്ഥാനിലേക്ക് മടങ്ങുന്നത് ആത്മഹത്യയ്ക്ക് സമാനമാണ്. തുർക്കിയിൽ എത്താൻ ഞാൻ ഒരുപാട് കഷ്ടപ്പെട്ടു , ഇപ്പോൾ അവർ എന്നെ നിർബന്ധിച്ച് എന്റെ രാജ്യത്തേക്ക് നാടുകടത്തുന്നു. പിന്നീട് എന്റെ ജീവിതം അവസാനിപ്പിക്കുകയല്ലാതെ എനിക്ക് മറ്റ് മാർഗമില്ല’- ഒരു അഫ്ഗാൻ അഭയാർത്ഥിയെ ഉദ്ധരിച്ച് ഖാമ പ്രസ്സ് റിപ്പോർട്ട് ചെയ്യുന്നു.
2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്ത ശേഷം ആയിരക്കണക്കിന് അഫ്ഗാനികളാണ് അയൽരാജ്യങ്ങളായ ഇറാൻ, പാകിസ്താൻ, തുർക്കി എന്നിവിടങ്ങളിൽ പലായനം ചെയ്തത്. ശാരീരികമായി പീഡിപ്പിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്യുമെന്ന ഭയത്താൽ അഫ്ഗാനിലേക്ക് തിരിച്ച് ചെല്ലാൻ മടിക്കുകയാണ് ഇവർ.
Comments