ലോകത്ത് വിവിധ തരം പക്ഷികളുണ്ട്. അവയിൽ പലതും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. സൗന്ദര്യം കൊണ്ട് മാത്രമല്ല, ഭക്ഷണം തേടുന്ന വ്യത്യസ്തമാർന്ന രീതികൾ കൊണ്ടും അതിശയിപ്പിക്കുന്ന പക്ഷികളേറെയാണ്. മിക്ക പക്ഷികളുടെയും പ്രധാന ഭക്ഷണം പഴങ്ങളും വിത്തുകളും ചെറു പ്രാണികളും പുഴുക്കളും മീനുകളുമെല്ലാമാണ്. ചില പക്ഷികൾ ഇരയെ പിടിക്കുന്നത് കണ്ടാൽ തന്നെ നമുക്ക് അതിശയം തോന്നും. പ്രത്യേകിച്ച് മീനുകളെ ഭക്ഷണമാക്കുന്ന പക്ഷികൾ. അതിൽ, പൊന്മാനും കൊക്കും നീർകാക്കയുമെല്ലാം ഇര പിടിക്കുന്നത് നാം മിക്കപ്പോഴും കണ്ടിട്ടുള്ളതാണ്. എന്നാൽ, ബ്ലാക്ക് ഹെറോൺ എന്ന പക്ഷി ഇര പിടിക്കുന്നത് ഒരു പക്ഷെ പലരും കണ്ടിട്ടുണ്ടാവണമെന്നില്ല. കറുത്ത ഈഗ്രെറ്റ് എന്നും അറിയപ്പെടുന്ന ബ്ലാക്ക് ഹെറോണിന്റെ ഇര പിടിത്തം തീർത്തും വ്യത്യസ്തമാണ്.
സെനഗൽ, സുഡാൻ, ദക്ഷിണാഫ്രിക്ക എന്നിവടങ്ങളിലാണ് ബ്ലാക്ക് ഹെറോൺ കൂടുതലായും കാണപ്പെടുന്നത്. ഗ്രീസിലും ഇറ്റലിയിലും ഇവയെ കാണാം. ശുദ്ധജല തടാകങ്ങളും കുളങ്ങളും ഉള്ളിടത്താണ് ഇവ പൊതുവെ വസിക്കുന്നത്. ആഴം കുറഞ്ഞ തെളിഞ്ഞ വെള്ളമാണ് ബ്ലാക്ക് ഹെറോണിന് ഏറെ പ്രിയം. ചതുപ്പുകൾ, നദീതീരങ്ങൾ, നെൽപ്പാടങ്ങൾ, വെള്ളപ്പൊക്കമുള്ള പുൽമേടുകൾ എന്നിവടങ്ങളിലെല്ലാം ഇവ കാണപ്പെടുന്നു. മത്സ്യങ്ങളെ വേട്ടയാടുന്നതിന് പ്രയോഗിക്കുന്ന തന്ത്രമാണ് ബ്ലാക്ക് ഹെറോണിനെ മറ്റ് പക്ഷികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്.
ആഴം കുറഞ്ഞ തെളിഞ്ഞ വെള്ളത്തിൽ അനങ്ങാതെ നിന്നുകൊണ്ട് മീനുകളെ ആകർഷിക്കുന്നതിന് ചിറകുകൾ ഒരു കുട്ട പോലെ അല്ലെങ്കിൽ കുട പോലെ ആക്കുകയാണ് ബ്ലാക്ക് ഹെറോൺ ചെയ്യുന്നത്. ചിറകുകൾ കൊണ്ട് ഒരു കുട സൃഷ്ടിക്കുന്നതോടെ മീനുകൾ തണൽ തേടി പക്ഷിയുടെ അരികിലേയ്‌ക്ക് എത്തുന്നു. ഈ നിമിഷം മീനുകളെ നീളമുള്ള കൊക്ക് വച്ച് പിടികൂടി ഭക്ഷിക്കുകയാണ് ബ്ലാക്ക് ഹെറോൺ. ചെറു മീനുകളെയാണ് ഇവ ഭക്ഷണമാക്കുന്നത്.
ഇരയെ പിടിക്കുന്നതിന് മാത്രമല്ല വേട്ടക്കാരിൽ നിന്നും രക്ഷപ്പെടാനും ഈ തന്ത്രം ബ്ലാക്ക് ഹെറോൺ പ്രയോഗിക്കുന്നു. ശത്രുക്കൾ അക്രമിക്കാതിരിക്കാൻ ചിറകുകൾ കുട പോലെ നിവർത്തി തല അതിനുള്ളിലാക്കി പക്ഷി അനങ്ങാതിരിക്കും. കറുത്ത തൂവലുകളാണ് ഇവയ്‌ക്ക്. തലയ്‌ക്ക് പിന്നിലും കഴുത്തിന്റെ താഴ്വശത്തും തൂവലുകൾ നീണ്ട് വാല് പോലെ കിടക്കുന്നു. മരങ്ങൾ, കുറ്റിക്കാടുകൾ എന്നിവടങ്ങളിൽ ചെറിയ ചുള്ളി കമ്പുകൾ കൊണ്ടാണ് ബ്ലാക്ക് ഹെറോൺ കൂട് നിർമ്മിക്കുന്നത്. കൂട്ടമായാണ് ഇവയുടെ താമസം. ഇവയുടെ മുട്ടകൾക്ക് കടും നീലയും വെള്ളയും കലർന്ന നിറമാണ്. രണ്ട് മുതൽ നാല് വരെ മുട്ടകൾ ഹെറോൺ ഇടും.
Comments