നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പരിക്കേറ്റ ബിനു അടിമാലി ആരോഗ്യം വീണ്ടെടുക്കുകയാണ്. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു താരം. സുഹൃത്തും സഹപ്രവർത്തകനുമായ സുധിയുടെ വിയോഗം ബിനുവിന് തീരാനോവാണ് സമ്മാനിച്ചത്. അപകടത്തിന് ശേഷം പൊതുവേദികളിലൊന്നും താരം പ്രത്യക്ഷപ്പെട്ടിരുന്നില്ല. സുധിയെ കുടുംബത്തെ കണ്ട് ആശ്വസിപ്പിക്കാൻ വേണ്ടി മാത്രമായിരുന്നു ആരോഗ്യം പോലും കണക്കിലെടുക്കാതം താരം പുറത്തിറങ്ങിയിരുന്നത്. ഈ ദുരന്തത്തിന് ശേഷം ആദ്യമായൊരു പൊതുവേദിയിൽ പങ്കെടുത്തിരിക്കുകയാണ് ബിനു അടിമാലി.
മിമിക്രി കലാകാരന്മാരുടെ സംഘടനയായ ‘മാ’യുടെ പരിപാടിയിലാണ് ബിനു അടിമാലി പങ്കെടുത്തത്. വേദിയിൽ വച്ച് തന്റെ ഉറ്റ സുഹൃത്ത് കൊല്ലം സുധിയുടെ ഓർമ്മകൾ താരം പങ്കുവെച്ചു. പത്ത് പതിനഞ്ച് ദിവസത്തിന് ശേഷം ഇന്നാണ് താനൊന്ന് ചിരിക്കുന്നതെന്നും എല്ലാ ദിവസവും രാത്രിയിൽ ഉറങ്ങാൻ നേരം സുധിയുടെ ഓർമയാണ് നിറയുന്നതെന്നും ബിനു അടിമാലി പറഞ്ഞു. സുധിയുമൊത്തുള്ള യാത്രകളെപ്പറ്റിയും അദ്ദേഹം സമ്മാനിച്ച നല്ല കുറേ ഓർമ്മകളും ബിനു വേദിയിൽ പങ്കുവെച്ചു.
ബിനു അടിമാലിയുടെ വാക്കുകൾ
ഒരു പത്ത് പതിനഞ്ച് ദിവസത്തിന് ശേഷം ഇന്നാണ് ഞാനൊന്ന് ചിരിക്കുന്നത്. ‘മാ’ സംഘടനയുടെ പരിപാടിക്ക് വന്നപ്പോൾ. അതൊരു ഭംഗി വാക്കായി പറയുന്നതല്ല. എല്ലാ ദിവസവും രാത്രി സുധി കയറി വരും. ഉറങ്ങാൻ കിടക്കുമ്പോൾ. ഉറങ്ങുമ്പോൾ. അവന്റെ ഓരോ വാക്കുകളും പ്രശ്നങ്ങളും കാരണം എനിക്ക് ഉറങ്ങാൻ പറ്റാത്ത അവസ്ഥ. ഇന്നിവിടെ വന്ന് എല്ലാവരെയും ഒന്നിച്ച് കാണാൻ പറ്റിയപ്പോൾ, എന്തോ ഒരു പകുതി സമാധാനം. അസുഖം പോയപോലെ. പറഞ്ഞറിയിക്കാൻ പറ്റാത്തൊരു അവസ്ഥയാണത്. നമ്മൾ ബെഡ് റെസ്റ്റൊക്കെ ആയി കിടക്കുമ്പോൾ, നമ്മൾ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്നവർ ഫോൺ ചെയ്യുക, വീട്ടിൽ വരുന്നു എന്നൊക്കെ പറയുന്നത് ഏറ്റവും വലിയ ഭാഗ്യമാണ്. അങ്ങനെ കിടക്കുമ്പോഴാണ് ഓരോ ആളുകളുടെയും വില നമ്മൾ മനസിലാക്കുന്നത്. ദുഃഖം നമുക്ക് പറ്റാത്തൊരു കാര്യമാണ്. അന്ന് സുധിയുടെ സമയം ആയിരിന്നിരിക്കണം. പരിപാടിക്ക് പോകുമ്പോൾ അവൻ വണ്ടിയുടെ മുന്നിലാണ് ഇരിക്കുന്നത്. ഊണ് കഴിക്കാൻ ഇറങ്ങി തിരിച്ച് വന്നപ്പോഴും മുന്നിൽ തന്നെ ഇരുന്നു. പ്രോഗ്രാം കഴിഞ്ഞ് തിരിച്ച് വന്നപ്പോഴും അവൻ ഓടി വന്ന് വണ്ടിയുടെ മുന്നിൽ ഇരുന്നു. ഞാൻ അന്ന് വരെയും അത്രയും ഊർജ്ജസ്വലനായിട്ടുള്ള സുധിയെ കണ്ടിരുന്നില്ല. അത്രയ്‌ക്ക് ആക്ടീവ് ആയിരുന്നു അവൻ. അതാണ് നമ്മളെ ഏറ്റവും കൂടുതൽ വേദനിപ്പിക്കുന്നത്. തെട്ടടുത്തിരുന്ന ഒരാൾ മരിച്ചു പോയി എന്ന് കേൾക്കുമ്പോൾ ഉണ്ടാകുന്നൊരു അവസ്ഥ.
















Comments