പോളണ്ടിലെ വാർസോയിലെ പല പ്രധാന റോഡുകൾക്കും സ്‌കൂളുകൾക്കും ഒരു ഇന്ത്യക്കാരന്റെ പേരാണ് നൽകിയിരിക്കുന്നത്. മഹാരാജാ ദിഗ്വിജയ്സിൻഹ്ജി രഞ്ജിത്സിൻഹ്ജി ജഡേജ എന്ന നവനഗറിലെ ജാം സാഹിബിന്റേതാണ് അത്. അദ്ഭുതപ്പെടേണ്ട വെറുതെ നൽകിയ ഒരു ആദരവ് അല്ല ഇത്. രണ്ടാം ലോകമഹായുദ്ധകാലത്ത് സഹായിക്കാൻ ആരുമില്ലാതെയിരുന്ന നൂറുകണക്കിന് പോളിഷ് ജനതയ്‌ക്ക് താങ്ങും തണലുമായതിന് നൽകിയ ആദരവാണ് ഇത്. പോളണ്ടിനോട് അദ്ദേഹം കാണിച്ച മഹാമനസ്‌കതയ്‌ക്ക് മുന്നിലാണ് ആ രാജ്യം തങ്ങളുടെ തലകുനിച്ച് ആദരവ് പ്രകടിപ്പിച്ചത്.

രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പുള്ള വർഷങ്ങളിൽ, വടക്കുകിഴക്കൻ സോവിയറ്റ് യൂണിയന്റെയും സൈബീരിയയുടെയും സോവിയറ്റ് റെഡ് ആർമിയുടെ അധീനതയിലുള്ള ലേബർ ക്യാമ്പുകളിൽ ജോലിചെയ്യാൻ ധാരാളം പോളണ്ടുകാരെ കൊണ്ടുപോയിരുന്നു. എന്നാൽ 1941-ൽ സോവിയറ്റ് യൂണിയനെതിരായ ജർമ്മനിയുടെ പ്രത്യാക്രമണം യുദ്ധത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു. ഇതോടെ ചില പോളിഷ് അഭയാർത്ഥികളെ സോവിയറ്റ് യൂണിയൻ പറഞ്ഞുവിടാൻ തീരുമാനിച്ചു എന്നാൽ പലായനത്തിൽ നിരവധി പോളണ്ടുകാർക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ വഴിയിൽ നഷ്ടപ്പെട്ടു. ഒരു യൂറോപ്യൻ, ഏഷ്യൻ രാജ്യങ്ങളും ഇവർക്ക് അഭയം ലഭിച്ചില്ല. ഒടുവിൽ ഇന്ത്യയിലെത്തിയെങ്കിലും ബോംബെ തുറമുഖത്ത് വെച്ച് ബ്രിട്ടീഷ് ഗവർണറും ഇവരെ തടഞ്ഞു. അഭയാർത്ഥികളുടെ ദുരവസ്ഥയെക്കുറിച്ച് കേട്ടറിഞ്ഞ മഹാരാജ അവരെ സഹായിക്കാൻ ശ്രമിക്കുകയും അഭയാർത്ഥികളെ ഇറങ്ങാൻ അനുവദിക്കാൻ ബ്രിട്ടീഷ് സർക്കാരിൽ സമ്മർദ്ദം ചെലുത്തുകയും ചെയ്തു. ഒടുക്കം തന്റെ പ്രവിശ്യയിലെ റോസി തുറമുഖത്ത് കപ്പൽ അടുക്കാൻ ഉത്തരവിട്ടു. അവിടെ നിന്നും ഇന്ത്യയിലെ ലിറ്റിൽ പോളണ്ടിന്റെ കഥ ആരംഭിച്ചു.

1941ൽ ഗുജറാത്തിലെത്തിയ അവർക്ക് ജാംനഗറിലെ ബലാചാഡി ഗ്രാമത്തിൽ മഹാരാജ ക്യാമ്പുകൾ ഒരുക്കി. ഭക്ഷണം, താമസം വിദ്യാഭ്യാസം എന്നിവയ്‌ക്ക് മഹാരാജ സഹായങ്ങൾ ചെയ്തു. അവരുടെ പോളിഷ് സംസ്‌കാരവും പാരമ്പര്യവും നിലനിർത്താനും അദ്ദേഹം സഹായിച്ചു. ‘നിങ്ങൾക്ക് നിങ്ങളുടെ മാതാപിതാക്കൾ ഇല്ലായിരിക്കാം, പക്ഷേ ഞാൻ ഇപ്പോൾ നിങ്ങളുടെ പിതാവാണ്.’കുട്ടികൾ തന്നെ അച്ഛൻ എന്ന് വിളിച്ചുകൊള്ളാനും മഹാരാജാവ് കുട്ടികളോട് പറഞ്ഞു. രണ്ടാം ലോകമഹായുദ്ധം വരെ ഒമ്പത് വർഷം പോളിഷ് അഭയാർത്ഥികൾ ജാംനഗറിൽ താമസിച്ചു.

ക്യാമ്പുകൾ നേരിട്ട് സന്ദർശിച്ച ജാം സാഹിബ് അവരെ നന്നായി പരിപാലിച്ചു. രണ്ടാം ലോകമഹായുദ്ധത്തിനും പോളണ്ട് സർക്കാരിന്റെ അംഗീകാരത്തിനും ശേഷം ബ്രിട്ടൻ അഭയാർത്ഥികളോട് പോളണ്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. ഗുജറാത്തിലെ ബലാചാഡിയിൽ 640-ലധികം സ്ത്രീകളും കുട്ടികളും സുരക്ഷിതമായ ഒരു താവളം കണ്ടെത്തിയെന്ന് ഉറപ്പാക്കാൻ മഹാരാജാവ് വ്യക്തിപരമായി നിരവധി ശ്രമങ്ങൾ സ്വീകരിച്ചിരുന്നു. മനുഷ്യരാശിക്ക് വേണ്ടിയുള്ള നിസ്വാർത്ഥ പ്രവർത്തനത്തിന് മഹാരാജ ജാം സാഹിബിന് പോളണ്ടിന്റെ പരമോന്നത ബഹുമതിയായ രാഷ്‌ട്രപതിയുടെ മെഡൽ ലഭിച്ചു.

പോളണ്ട് പല വിധത്തിൽ മഹാരാജവിനോട് നന്ദി പ്രകടിപ്പിച്ചു. വാഴ്‌സയിലെ ‘ഗുഡ് മഹാരാജ സ്‌ക്വയർ’ ഇന്നും അവരുടെ നന്ദിയുടെ പ്രതീകമാണ്. ‘ലിറ്റിൽ പോളണ്ട് ഇൻ ഇന്ത്യ’ എന്ന പേരിൽ ഇന്ത്യ-പോളിഷ് സർക്കാരുകളുടെ സഹകരണത്തോടെ ഡോക്യുമെന്ററി നിർമ്മിച്ചു. സ്‌ക്കൂളുകൾക്ക് അദ്ദേഹത്തിന്റെ പേര് നൽകിയുമെല്ലാം പോളിഷ് ജനതാ അദ്ദേഹത്തോടുള്ള നന്ദി പ്രകാശിപ്പിച്ചു. ആധുനിക സമകാലിക ലോകത്തിന് ഇത് വിശ്വസനീയമാകണമെന്നില്ല. എന്നാൽ ഇതാണ് ഇന്ത്യ.
















Comments