സിനിമാ സീരിയൽ നടൻ ടി.എസ് രാജു മരണപ്പെട്ടു എന്ന വാർത്ത ജനങ്ങൾ ഞെട്ടലോടെയായിരുന്നു കേട്ടത്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ഇത്തൊരുമൊരു വാർത്ത പ്രചരിച്ചത്. വാർത്ത സത്യമാണോ എന്നുപോലും അന്വേഷിക്കാതെ പ്രമുഖരടക്കം പലരും പങ്കുവെച്ചു. ഇത്തരത്തിൽ ടി.എസ് രാജു മരിച്ചുവെന്ന വാർത്ത പങ്കുവെച്ച ഒരാൾ നടൻ അജു വർഗീസാണ്. താരം അനുശോചനം രേഖപ്പെടുത്തിയതോടെ നടൻ മരിച്ചുവെന്ന് പലരും വിശ്വസിക്കുകയും ചെയ്തു. എന്നാൽ, വ്യാജ വാർത്തയ്‌ക്കെതിരെ ടി.എസ് രാജു തന്നെ രംഗത്തു വരികയായിരുന്നു.
ഇപ്പോഴിതാ, തെറ്റായ വാർത്ത സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചതിൽ ക്ഷമ ചോദിച്ചിരിക്കുകയാണ് അജു വർഗീസ്. ‘തീർത്തും തെറ്റായ പ്രസ്താവന നടത്തി വേദനിപ്പിച്ചതിന് ടി.എസ് രാജു സാറിനോടും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആത്മാർത്ഥമായി ക്ഷമാപണം നടത്തുന്നു. സോഷ്യൽ മീഡിയയിൽ കണ്ട ഒരു വാർത്ത ശരിയാണെന്ന് വിശ്വസിച്ചതിൽ ക്ഷമ ചോദിക്കുന്നു’ എന്നാണ് അജു വർഗീസ് ഫേയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
ഇന്ന് പുലർച്ചെയാണ് ചില സിനിമാ ഗ്രൂപ്പുകളിൽ ടി.എസ് രാജുവിന്റെ മരണ വാർത്ത പ്രചരിച്ചത്. ‘സർ, എല്ലാവരെയും ചിന്തിപ്പിക്കുന്ന വരികളായിരുന്നു താങ്കളുടെ ദ ഷോ മസ്റ്റ് ഗോ ഓൺ എന്നത്. നമ്മുടെ ദൈനംദിന ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു വാക്കുകൾ. പ്രാർത്ഥനകൾ’ എന്നാണ് ടി.എസ് രാജുവിന് അനുശോചനം രേഖപ്പെടുത്തി അജു വർഗീസ് കുറിച്ചിരുന്നത്. മരണ വാർത്ത വ്യാജമാണെന്ന് അറിഞ്ഞതോടെ ഈ പോസ്റ്റ് താരം പിൻവലിക്കുകയും ചെയ്തിരുന്നു.
ടി.എസ്. രാജുവിനെ ഫോളിൽ വിളിച്ചും അജു വര്‍ഗീസ് ഖേദം പ്രകടിപ്പിച്ചു.
‘‘എനിക്ക് താങ്കളെ വളരെ ഇഷ്ടമാണ്. വ്യക്തിപരമായി ഞാന്‍ ജീവിതത്തില്‍ ഉപയോഗിക്കുന്നതാണ് ജോക്കറിലെ താങ്കളുടെ സംഭാഷണങ്ങള്‍. വേദനിച്ചപ്പോൾ പെട്ടന്ന് എഴുതി ഇട്ടതാണ്. അത് ഇങ്ങനെ ആയി തീരുമെന്ന് വിചാരിച്ചില്ല. സാറിന് ഒന്നും സംഭവിക്കാത്തതിൽ ഏറെ സന്തോഷമുണ്ട്. വലിയ അബദ്ധമാണ് ഞാന്‍ കാണിച്ചത്. എന്നാല്‍ കൂടി ഒരുപാട് മാപ്പ്. സാറിനെക്കുറിച്ച് വിശദമായൊരു അനുശോചനക്കുറിപ്പ് ഫേയ്സ്ബുക്കിൽ കണ്ടതുകൊണ്ടാണ് വിശ്വസിച്ചുപോയത്. ദ ഷോ മസ്റ്റ് ഗോ ഓൺ എന്ന സാറിന്റെ ലൈൻ ജീവിതത്തിൽ പിന്തുടരുന്ന ആളാണ്. ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അത് കാണുന്നത്. ഇന്നെനിക്ക് 38 വയസ്സായി. ആ വാർത്ത കണ്ട് പെട്ടന്നു വന്ന വിഷമത്തിൽ എഴുതിപ്പോയി. അങ്ങയുടെ കാലിൽ തൊട്ട് ക്ഷമ ചോദിക്കുന്നു”.
Comments