വയനാട് : നഗരത്തിലെ സ്വകാര്യ ലോഡ്ജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് പൂർണവളർച്ചയെത്തിയ കഞ്ചാവ് ചെടികൾ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് ചുങ്കം ഭാഗത്തുള്ള ഏഷ്യൻ ടൂറിസ്റ്റ് ഹോമിന് പുറകിലെ കുറ്റിക്കാടുകൾക്കിടയിൽ ഏഴ് കഞ്ചാവ് ചെടികൾ കണ്ടെത്തുന്നത്. രണ്ട് മീറ്റർ വരെ വലിപ്പമെത്തിയ കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. അതിൽ താഴെ വലിപ്പമുള്ള കഞ്ചാവ് ചെടികളും പ്രദേശത്തുണ്ടായിരുന്നു. എല്ലാ ചെടികളും ഉപയോഗിക്കാൻ പാകമായവയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ വ്യക്താമാക്കി. ഇവ പൂർണമായും നശിപ്പിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ഊർജ്ജിതപ്പെടുത്തിയതായി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി. ഷറഫുദ്ദീൻ പറഞ്ഞു.
ചെടികൾ വളർത്തിയിരുന്ന സ്ഥലത്തിന് സമീപത്തായി മറ്റ് രണ്ട് സ്വകാര്യ റസിഡൻസികൾ കൂടിയുണ്ട്. ഇവയിൽ ഏതിലെങ്കിലും താമസത്തിനെത്തിയവർ കഞ്ചാവ് ഉപയോഗിച്ച ശേഷം അവശിഷ്ടം വലിച്ചെറിഞ്ഞപ്പോൾ വിത്ത് വീണ് മുളച്ചതാകാം എന്ന നിഗമനത്തിലാണ് ഉദ്യോഗസ്ഥർ. സംഭവത്തിൽ ആർക്കെതിരെയും ഇതുവരെ കേസെടുത്തിട്ടില്ല. എങ്കിലും മൂന്ന് താമസ സ്ഥലങ്ങളിലും വന്നുപോയവരുടെ പട്ടിക ശേഖരിച്ച് മുൻപ് കഞ്ചാവ് കേസുകളിൽ പിടിയിലായ ആരെങ്കിലുമുണ്ടോ എന്ന് പരിശോധിക്കും.
ഏതെങ്കിലും തരത്തിലുള്ള സൂചന ലഭിച്ചാൽ ഇവരെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. വിശദമായ അന്വേഷണത്തിനായി ചെടികൾ കണ്ടെത്തിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ലോഡ്ജിലെയും മറ്റു റസിൻഡൻസികളിലെയും വ്യാപാര സ്ഥാപനങ്ങളിലെയും സി സി ടി വി ദൃശ്യങ്ങൾ പരിശോധിക്കും. ചെടികൾ ഇത്രയും ഉയർന്ന് വളർന്ന് നിന്നിട്ടും സമീപത്തുള്ളവരുടെ ആരുടെയും ശ്രദ്ധ ഇവിടേക്ക് ഇന്നലെ വരെ എത്തിയിരുന്നില്ല.
Comments