ജനീവ: ജമ്മുകശ്മീരിലെ സായുധ കലാപകാരികൾ കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് ഇന്ത്യയ്‌ക്ക് ചെറുക്കാനായി എന്ന് യുഎൻ നിരീക്ഷണസംഘം വിലയിരുത്തി. ഇതോടെ സായുധ കലാപങ്ങൾക്ക് കുട്ടികളെ ദുരൂപയോഗം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ഇന്ത്യയെ ഒഴിവാക്കി ഐക്യരാഷ്‌ട്ര സംഘടന. 2010-ന് ശേഷം ആദ്യമായാണ് ഇന്ത്യ പട്ടികയിൽ നിന്നും ഒഴിവാകുന്നത്
ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ആം ഭരണഘടന അനുച്ഛേദം ഇല്ലാതാക്കിയതോടെ സംസ്ഥാനത്ത് സമാധാനം തിരിച്ചെത്തി. വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ കാര്യക്ഷമമായ ഇടപെടൽ പ്രത്യേക പദവി നിലനിൽക്കെ സംസ്ഥാനത്ത് നടപ്പായിരുന്നില്ല. പ്രത്യേക പദവി ഇല്ലാതായതും കശ്മീർ കേന്ദ്ര ഭരണപ്രദേശമായതും കേന്ദ്രമന്ത്രാലയങ്ങളുടെ കാര്യക്ഷമമായ ഇടപെടലിലേക്ക് വഴിവച്ചു.
കഴിഞ്ഞ ജൂലൈയിൽ യുഎൻ നിരീക്ഷക സംഘം ഇന്ത്യ സന്ദർശിച്ചിരുന്നു. നിരീക്ഷണ സംഘത്തിന്റെ റിപ്പോർട്ടിൽ സായുധകലാപങ്ങൾക്ക് കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് നിയന്ത്രിക്കാനായി എന്ന് വ്യക്തമായി പറയുന്നു. ഇതേതുടർന്നാണ് സായുധ കലാപങ്ങൾക്ക് കുട്ടികളെ ദുരുപയോഗം ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ നിന്നും ഇന്ത്യയെ യുഎൻ സെക്രട്ടറി ജനറൽ ഒഴിവാക്കിയത്.
13 വർഷത്തിന് ശേഷം ആദ്യമായാണ് ഇന്ത്യ ഉൾപ്പെടാത്ത പട്ടിക പുറത്തുവരുന്നത്. നേരത്തെ കാമറൂൺ, പാകിസ്താൻ, നൈജീരിയ, ഫിലിപ്പൈൻസ് തുടങ്ങിയ രാജ്യങ്ങൾക്കൊപ്പമായിരുന്നു ഇന്ത്യ. ശിശു സംരക്ഷണ നിയമങ്ങളും ബാല നീതി ബോർഡിന്റെ പ്രവർത്തനങ്ങളും കശ്മീരിലും കാര്യക്ഷമമായി നടപ്പാക്കാനായി. സൈനിക കേന്ദ്രങ്ങൾക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിൽ കുട്ടികളെ ദുരുപയോഗം ചെയ്യുന്നത് കശ്മീരിൽ വ്യാപകമായിരുന്നു. സൈന്യം തിരിച്ചടിക്കാതിരിക്കാനാണ് കുട്ടികളെ സായുധ കലാപത്തിന് ഉപയോഗിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി ഒഴിവാക്കിയതിനെ എതിർക്കുന്നവർക്കുള്ള മറുപടിയാണ് യുഎൻ നടപടി.
















Comments