ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുലിനെതിരെ ആഞ്ഞടിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സുനിതാ വിശ്വനാഥിനെ കണ്ടുമുട്ടിയതിനെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചാണ് മന്ത്രി രംഗത്തെത്തിയത്. ഇവരെ കണ്ടുമുട്ടിയതിന്റെ ലക്ഷ്യമെന്താണെന്നും യോഗത്തിൽ എന്തായിരുന്നു സംസാരവിഷയമെന്നും രാഹുൽ വെളിപ്പെടുത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
ശതകോടീശ്വരൻ ജോർജ് സോറോസും സുനിതാ വിശ്വനാഥും തമ്മിലുള്ള ബന്ധം മുൻനിർത്തിയാണ് മന്ത്രി ആരോപണങ്ങൾ ഉന്നയിച്ചത്. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയായ ഹിന്ദുസ് ഫോർ ഹ്യുമൻ റൈറ്റ്‌സിന്റെ സഹസ്ഥാപകയാണ് സുനിതാ വിശ്വനാഥ്. ഇതിനൊപ്പം തന്നെ അഫ്ഗാൻ വുമൺ ഫോർവേർഡ് എന്ന സംഘടനയുടെയും സഹസ്ഥാപകയാണ് അവർ. ഈ സംഘടന ജോർജ് സോറോസിൽ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണം നേരത്തെ ഉയർന്നിരുന്നു. ഇതിന് പിന്നാലെ സോറോസിന്റെ ബിനാമിയാണെന്ന തരത്തിൽ സമൂഹമാദ്ധ്യമങ്ങളിൽ പ്രതിഷേധം ശക്തമായിരുന്നു.
സത്യത്തെ അടിച്ചമർത്താൻ തങ്ങൾക്ക് കഴിയുമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ഗാന്ധി കുടുംബമെന്ന് സ്മൃതി ഇറാനി പറഞ്ഞു. ഒരു സംസ്ഥാനത്ത് അധികാരം ലഭിച്ചതിന് പിന്നാലെ രാജ്യം മൊത്തം അടിച്ചമർത്തി സത്യത്തെ കാറ്റിൽ പറത്തി വിജയിക്കാമെന്ന വ്യാമോഹമാണ് രാഹുലിനെന്നും അവർ പറഞ്ഞു. ജമാഅത്തുമായി ബന്ധമുള്ളവരാണ് ഈ യോഗം വിളിച്ചതെന്ന് വൃത്തങ്ങൾ വഴി വ്യക്തമാണെന്നും അവരുമായി രാഹുലിനുള്ള ബന്ധമെന്താണെന്ന് വെളിപ്പെടുത്തണം. രാജ്യത്തെ ജനങ്ങൾക്ക് ജോർജ് സോറോസിന്റെ ഉദ്ദേശ്യത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ട് അവർ കൂട്ടിച്ചേർത്തു. സുനിതാ വിശ്വനാഥിന് പുറമേ തസീം അൻസാരി, സലിൽ ഷെട്ടി എന്നിവരുടെ പേരുകളും സ്മൃതി ഇറാനി പരാമർശിച്ചു. ഇസ്ലാമിക് സർക്കിൾ ഓഫ് നോർത്ത് അമേരിക്കയുമായി ബന്ധമുള്ളയാളാണ് തസീം അൻസാരിയെന്നും മന്ത്രി വ്യക്തമാക്കി. ഭാരത് ജോഡോ യാത്രയ്‌ക്കിടെ രാഗുൽ ഗാന്ധിയ്‌ക്കൊപ്പമുള്ള സലീൽ ഷെട്ടിയുടെ ഫോട്ടോ പുറത്തുവന്നിരുന്നു. ജോർജ് സോറോസ് പണം മുടക്കുന്ന ഓപ്പൺ സൊസൈറ്റി ഫൗണ്ടേഷന്റെ ആഗോള വൈസ് പ്രസിഡന്റാണ് ഇയാൾ.
ഹംഗേറിയൻ വംശജനാണ് 92-കാരനായ ജോർജ് സോറോസ്. ലോക സാമ്പത്തിക ഫോറത്തിൽ നടത്തിയ പ്രസംഗത്തിൽ ഇന്ത്യയിലെ ദേശീയതയ്‌ക്കും ദേശീയവാദികൾക്കും സർക്കാരിനുമെതിരെ പോരാടാൻ ഒരു ബില്യൺ ഡോളർ നീക്കി വെയ്‌ക്കുമെന്ന വിവാദ പരാമർശം നടത്തിയിരുന്നു സോറോസ്. പൗരത്വ ഭേദഗതി ബില്ലിനെതിരെ ആഗോള തലത്തിൽ കടുത്ത പ്രചാരണമാണ് സോറോസ് അഴിച്ചുവിട്ടത്. നരേന്ദ്രമോദിയ്‌ക്കും ഭാരതത്തിനും ഇന്ത്യൻ സമ്പദ് വ്യവസ്ഥയ്‌ക്കുമെതിരെയുള്ള വിഷലിപ്തമായ പ്രചാരണങ്ങൾ നിരന്തരം നടത്തുകയാണ് സോറോസ്.
Comments