തിരുവനന്തപുരം: ഓപ്പറേഷൻ തിയറ്ററിലെ ഹിജാബ് വിഷയത്തിൽ വിദ്യാർത്ഥികളെ പിന്തുണച്ച് എംഎസ്എഫ് രംഗത്തെത്തി. വിദ്യാർത്ഥികൾ നിവേദനം നൽകിയത് വലിയ പാതകമാക്കി ചിത്രീകരിച്ചെന്നും എം.എസ്.എഫ് പറയുന്നു.വിശ്വാസത്തിന്റെ ഭാഗമായി കരുതുന്ന കാര്യം നിവേദനമായി നൽകിയത് വലിയ ചർച്ചയാക്കിയതിന് പിന്നിൽ ഗൂഢമായ ഉദ്ദേശമുണ്ട്.
ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തലമറയുന്ന തരത്തിലുള്ള ശിരോവസ്ത്രവും നീളൻ കൈയുള്ള സ്‌ക്രബ് ജാക്കറ്റുകളും ധരിക്കാൻ അനുവദിക്കണമെന്ന മെഡിക്കൽ കോളേജ് വിദ്യാർഥികളുടെ ആവശ്യം ന്യായമാണ്. വിദ്യാർത്ഥികളുടെ നിവേദനം പുറത്തുവിട്ടവരെ കുറിച്ച് അന്വേഷണം വേണമെന്നും എംഎസ് എഫ് സംസ്ഥാന സെക്രട്ടറി അഡ്വ. കെ തൊഹാനി പറഞ്ഞു. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന് നൽകിയ കത്തെങ്ങനെ പുറത്ത് പോയെന്ന് പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
എന്നാൽ ഓപ്പറേഷൻ തിയറ്ററിൽ ഹിജാബ് അനുവദിക്കണമെന്ന എംബിബിസ് വിദ്യാർത്ഥികളുടെ ആവശ്യത്തിനെതിരെ ഐഎംഎ രംഗത്തെത്തി. തിയേറ്ററിൽ പാലിക്കേണ്ടത് അന്താരാഷ്‌ട്ര മാനദണ്ഡങ്ങളാണെന്നും മുൻഗണന നൽകേണ്ടത് രോഗിയുടെ സുരക്ഷക്കാണെന്നും ഐഎംഎ വ്യക്തമാക്കി.
















Comments