ഇസ്‌ലാമബാദ്; ഏകദിന ലോകകപ്പിന്റെ വേദിമാറ്റാനുള്ള പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ നിലപാടുകളെ പരിഹസിച്ച് മുൻ പേസർ വാസിം അക്രം. ആളുകളെ ചിരിപ്പിക്കാനായി ഓരോ ഓരോ കാരണങ്ങൾ പറഞ്ഞ് ബോർഡ് സ്വയം ഇളിഭ്യരാകുന്നുവെന്ന് മുൻ ക്യാപ്റ്റൻ പരിഹസിച്ചു. ലോകകപ്പ് വേദികളിൽ പാക്‌സിതാൻ അടിക്കടി നിലപാട് മാറ്റുന്നതിനെതിരായാണ് അക്രം രംഗത്തെത്തിയത്.
”എന്തെങ്കിലും ഈഗോയുണ്ടെങ്കിൽ അതു സംസാരിച്ചു തീർക്കണം. പുതിയ പദ്ധതികൾ തയാറാക്കുക. നമുക്ക് എന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്നാണു വിശ്വസിക്കേണ്ടത്. പദ്ധതിക്ക് അനുസരിച്ച് ഇക്കാര്യങ്ങൾ നടപ്പാക്കാനും ശ്രമിക്കുക. കഴിയില്ലെങ്കിൽ ഇത്തരം വിലകുറഞ്ഞ ന്യായീകരണങ്ങൾ പറയാതിരിക്കുക. ഇതൊക്കെ ആളുകൾക്കു ചിരിക്കാനുള്ള കാരണം മാത്രമേ ആകുന്നുള്ളൂ. നമ്മുടെ രാജ്യത്തോടുള്ള സ്‌നേഹം നമ്മൾ കാണിക്കുക. അവർ അവരുടെ രാജ്യത്തെ സ്‌നേഹിക്കുന്നു.
എല്ലാത്തിലുമുപരി ഇത് വെറും ക്രിക്കറ്റ് മത്സരങ്ങളാണ്. നമ്മുടെ താരങ്ങൾക്ക് ലോകത്ത് എവിടെ കളിക്കുന്നതിലും പ്രശ്‌നങ്ങൾ കാണില്ല. അത്ര മാത്രമാണു കാര്യങ്ങൾ.” വാസിം അക്രം പ്രതികരിച്ചു. ”ഇന്ത്യ, പാകിസതാൻ സർക്കാരുകൾ പരസ്പരം സംസാരിക്കണം. അതാണു വേണ്ടത്. പാകിസതാന്റെ കളികൾ എവിടെയാണെങ്കിലും അവിടെ താരങ്ങൾ കളിക്കും. അവർ അത് ഗൗനിക്കുന്നുണ്ടെന്ന് എനിക്കു തോന്നുന്നില്ല.” മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്കു മറുപടി പറയുന്നതിനിടെയാണ് പാക്കിസ്താൻ ബോർഡിനെതിരെ വാസിം അക്രം രംഗത്തെത്തിയത്.
Comments