ലുസെയ്ൻ: പരിക്കിനെ തുടർന്ന് ഏറെനാൾ പുറത്തിരുന്ന ഒളിമ്പിക്സ് ജേതാവ് നീരജ് ചോപ്ര സ്വിറ്റ്സർലൻഡിലെ ലുസെയ്ൻ ഡയമണ്ട് ലീഗിൽ ഇന്ന് മത്സരിക്കും. മലയാളി ലോംഗ്ജംപ് താരം എം ശ്രീശങ്കറിനും ഇന്ന് മത്സരമുണ്ട്. കഴിഞ്ഞ മാസം നടന്ന വിദേശ പരിശീലനത്തിനിടെയായിരുന്നു ഇരുപത്തിയഞ്ചുകാരനായ നീരജിന് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രിയാണ് ഇരുവരുടെയും മത്സരം. ആദ്യം ശ്രീശങ്കറും പിന്നീട് നീരജ് ചോപ്രയുടെയും മത്സരങ്ങൾ നടക്കും.
ടോക്കിയോ ഒളിമ്പിക്സിലെ സ്വർണ മെഡൽ ജേതാവ് സീസണ് തുടക്കമിട്ടത്തത് ദോഹയിലെ വിജയത്തോടെയാണ് തുടക്കമിട്ടതെങ്കിലും ഇതിന് ശേഷം പേശിവലിവ് അനുഭവപ്പെട്ട താരത്തിന് ജൂൺ നാലിന് നെതർലൻഡ്സിൽ നടന്ന എഫ്ബികെ ഗെയിംസിലും 13ന് നടന്ന ഫിൻലൻഡ് പാവോനൂർമി മീറ്റിലും പങ്കെടുക്കാനായില്ല. ഭുവനേശ്വറിൽ നടന്ന ദേശീയ ഇന്റർ സ്റ്റേറ്റ് മീറ്റിലും പിന്നീട് ഏഷ്യൻ അത്ലറ്റിക്സിനുള്ള 54 അംഗ ഇന്ത്യൻ ടീമിലും താരം ഉൾപ്പെട്ടിരുന്നില്ല. ഇന്ന് മെഡൽ നേട്ടത്തിൽ കുറഞ്ഞൊന്നും താരം പ്രതീക്ഷിക്കുന്നുമില്ല.
അതേസമയം, ഈ മാസം ആദ്യം നടന്ന പാരീസ് ഡയമണ്ട് ലീഗിൽ 8.09 മീറ്റർ ചാടി മൂന്നാമതെത്തിയ ശ്രീശങ്കർ മിന്നും ഫോമിലാണ്. തന്റെ രണ്ടാം പോഡിയം ഫിനിഷ് രേഖപ്പെടുത്താനാണ് താരം ലുസെയ്നിലേക്ക് എത്തുന്നത്. ഡയമണ്ട് ലീഗിൽ ജമ്പ് ഇനങ്ങളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമാണ് ശ്രീശങ്കർ. ഈ മാസം ആദ്യം നടന്ന ദേശീയ അന്തർ സംസ്ഥാന അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 8.41 മീറ്റർ ചാടി സ്വർണം നേടിയാണ് 24 കാരനായ ശ്രീശങ്കർ ലുസെയ്ൻ ഡയമണ്ട് ലീഗിലേക്ക് വരുന്നത്. ലോക ചാമ്പ്യൻ ഷിപ്പിലും യോഗ്യത നേടിയിരുന്നു.
Comments