തിരുവനന്തപുരം: ഏറെ പരാതികൾ ഉയർന്ന തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യങ്ങൾ ഒടുവിൽ നീക്കി തുടങ്ങി. ജനം ടിവി വാർത്തയെത്തുടർന്നാണ് നടപടി. വാർത്ത സംപ്രേക്ഷണം ചെയ്ത ശേഷം കളക്ടർ അടക്കമുള്ളവർ സ്ഥലം സന്ദർശിക്കുകയും അടിയന്തിരമായി തോട് വൃത്തിയാക്കുന്നതിന് ഇറിഗേഷൻ വകുപ്പിന് നിർദ്ദേശം നൽകുകയായിരുന്നു. തിരുവനന്തപുരം നഗരത്തിൽ ഏറ്റവുമധികം മാലിന്യം തള്ളുന്ന ആമയിഴഞ്ചാൻ തോടിന്റെ നവീകരണം എന്നത് പ്രദേശവാസികളുടെ കാലങ്ങളായുള്ള ആവശ്യമായിരുന്നു.
പകർച്ചവ്യാധികൾ പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ ആ ആവശ്യത്തിനാണ് പരിഹാരമാകുന്നത്. ഡെങ്കിപ്പനി ബാധിതരുടെ എണ്ണം വർദ്ധിക്കുമ്പോഴും മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ പ്രഹസനമാക്കിയ സർക്കാർ നടപടി ചൂണ്ടിക്കാട്ടി ജനം ടിവി നൽകിയ വാർത്തയെ തുടർന്നാണ് നടപടി. ഫണ്ടില്ലെന്ന കാരണം പറഞ്ഞായിരുന്നു മേജർ ഇറിഗേഷൻ വകുപ്പ് ശുചീകരണം നടത്താതിരുന്നത്.
എന്നാൽ പ്രദേശവാസികൾക്ക് ത്വക്ക് രോഗങ്ങൾ പിടിപെടുകയും പ്രതിഷേധം ഉയരുകയും ചെയ്തതോടെ തനത് ഫണ്ട് ഉപയോഗിച്ച് മാലിന്യം നീക്കം ചെയ്യാൻ കളക്ടർ നിർദ്ദേശം നൽകുകയായിരുന്നു. തോട് നവീകരിക്കാൻ സർക്കാർ പദ്ധതി ആവിഷ്‌കരിച്ചെങ്കിലും ഇപ്പോഴും തോട്ടിൽ മാലിന്യ നിക്ഷേപം രൂക്ഷമാണ്. ജലവിഭവ വകുപ്പ് സമർപ്പിച്ച 25 കോടിയുടെ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നൽകിയെങ്കിലും പുനർനിർമ്മാണ പ്രവർത്തനങ്ങൾ പ്രാഥമിക ഘട്ടത്തിൽ ഒതുങ്ങി.
തോടിന്റെ നവീകരണം തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിന് ഒരു പരിഹാരം കൂടിയാണ്. മാലിന്യ നിക്ഷേപം കാരണം ത്വക്ക് രോഗങ്ങളും പിടിപ്പെടുന്നതായി സമീപവാസികൾ പറയുന്നു. സംസ്ഥാന ജല വിഭവ വകുപ്പിന്റെ ഒബ്‌സർവേറ്റർ ഹില്ലിൽ നിന്നാരംഭിച്ച് കണ്ണമൂല വഴി ആക്കുളം കായലിൽ ചേരുന്ന തോടിന്റെ നീളം 12 കി.മീറ്ററാണ്. കോർപ്പറേഷനിലൂടെ ഒഴുകുന്ന തോടുകളും വന്നുചേരുന്നതും ആമയിഴഞ്ചാൻ തോട്ടിൽ തന്നെയാണ്. ഒരുവശത്ത് ശുചീകരണം പ്രഹസനമായി നടക്കുമ്പോൾ മറുവശത്ത് തോട്ടിൽ മാലിന്യം നിക്ഷേപിക്കുന്നതും വർദ്ധിക്കുകയാണ്.
















Comments