മുംബൈ: ബുൽധാന മഹാമാർഗ് എക്‌സ്പ്രസ് വേയിലെ ബസ് അപകടത്തിൽ മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് 5 ലക്ഷം രൂപ ധനസഹായവും പരിക്കേറ്റവർക്ക് സൗജന്യ ചികിത്സയും പ്രഖ്യപിച്ച് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്. ഈ ദൗർഭാഗ്യകരമായ സംഭവത്തിൽ മരിച്ചവർക്ക് അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. നിരവധി പേരുടെ മരണത്തിനിടയാക്കിയ അപകടത്തെക്കുറിച്ച് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
നാഗ്പൂരിൽ നിന്ന് പൂനെയിലേക്ക് പോവുകയായിരുന്ന ബസിൽ 33 യാത്രക്കാരുണ്ടായിരുന്നു. മൂന്ന് കുട്ടികളടക്കം 25 പേരാണ് അപകടത്തിൽ മരിച്ചത്. അപകടത്തിൽപ്പെട്ടവർക്ക് അടിയന്തര സഹായം എത്തിക്കാൻ നിർദ്ദേശം നൽകിയതോടൊപ്പം പരിക്കേറ്റവർക്ക് സർക്കാർ ചെലവിൽ അടിയന്തര ചികിത്സ നൽകാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. ബസിന്റെ ടയർ പൊട്ടി തീപിടിച്ചതാണ് അപകടകാരണമെന്ന് ഡ്രൈവർ പറഞ്ഞു. സമൃദ്ധി-മഹാമാർഗ് എക്സ്പ്രസ് വേയിൽ ശനിയാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. ടയർ പൊട്ടിയതിനെ അപകടമുണ്ടാകുകയും തീപിടിക്കുകയുമായിരുന്നു. തുടർന്ന് ബസ്സിന്റെ ഡീസൽ ടാങ്കിലേയ്‌ക്ക് തീ പടർന്നു. അപകടത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. ബുൽധാന എസ്പി സുനിൽ കടസാനെ പറഞ്ഞു.
















Comments