ഏകീകൃത സിവിൽ കോഡ് രാജ്യത്ത് നടപ്പാക്കുന്നത് നല്ലതാണെന്ന് സന്തോഷ് പണ്ഡിറ്റ്. ഏകീകൃത സിവിൽ കോഡ് എന്നത് പുതിയ ഒരു സംഭവമല്ല. ഇന്ത്യൻ ഭരണഘടനയിലുള്ള ഒരു നിയമമാണ് ഏകീകൃത സിവിൽ കോഡ് എന്നത്. വോട്ട് ബാങ്ക് രാഷ്‌ട്രീയം മുൻനിർത്തി പല സർക്കാരും അത് പാസാക്കിയില്ല എന്നതാണ് പ്രശ്‌നം. ഒരു പരിഷ്‌കൃത സമൂഹത്തിൽ വിവാഹം, വിവാഹമോചനം, കുട്ടികളെ ദത്തെടുക്കൽ, സ്വത്തവകാശം ഇതെല്ലാം ഒരേപോലെയെ നടത്താവൂ എന്നതാണ് ഈ നിയമത്തിൽ പറയുന്നത്.
ഏകീകൃത സിവിൽ കോഡ് വരുന്നതോടെ സമൂഹത്തിലും ജീവിതത്തിലും സ്ത്രീകളെ താഴ്‌ത്തി കെട്ടാൻ സാധിക്കില്ല. പുരുഷനും സ്ത്രീയ്‌ക്കും തുല്യ അവകാശമാണ് വേണ്ടത്. ഭരണഘടനയിലെ ആർട്ടിക്കിൾ 44 എല്ലാവരും പഠിക്കണം. ഇന്ത്യയിലെ ജനങ്ങൾ ഐക്യത്തോടെ ഒരേ നിയമത്തിൽ മുന്നോട്ട് പോകേണ്ടതുണ്ട്. ഡോ. അംബേദ്ക്കർ അടക്കമുള്ളവർ യൂണിഫോം സിവിൽ കോഡിന്റെ ആവശ്യകതയെപ്പറ്റി വ്യക്തമാക്കിയിട്ടുള്ളതാണ്. ഈ നിമയത്തെ എന്തിനാണ് എതിർക്കുന്നത്.
സ്ത്രീകൾക്ക് തുല്യ പ്രാധാന്യം കൊടുക്കാത്ത ചില സമുദായങ്ങളാണ് യുണിഫോം സിവിൽ കോഡിനെ എതിർക്കുന്നത്. ഈ നിയമം തുല്യത ഉറപ്പാക്കുന്നതാണ്. സ്ത്രീകൾക്ക് സ്വത്തുക്കൾ കൊടുക്കാൻ മടിക്കുന്നവർ ഇതിനെതിരെ സംസാരിക്കും. യൂണിഫോം സിവിൽ കോഡിനെ മതത്തിലെ ചില നിയമങ്ങൾ വച്ച് എതിർക്കുന്നവർ ആ മതത്തിലുള്ള ശിക്ഷ നിയമങ്ങൾ നടപ്പാക്കണം എന്ന് പറഞ്ഞു കേൾക്കാറില്ല. ഇന്ത്യയിലെ നിയമങ്ങൾ ഇവിടെ പാലിക്കാൻ എല്ലാ പൗരന്മാരും ബാധ്യസ്ഥരാണ്. ഒരു സമയത്ത് ഒരു ഭാര്യ മതി എന്നതാണ് ചിലർ ഏകീകൃത സിവിൽ കോഡിനെ എതിർക്കാൻ കാരണം. ഇന്ത്യയിലെ നിയമങ്ങളാണ് ഇവിടുള്ളവർ പാലിക്കേണ്ടത്. അല്ലാതെ മതനിയമങ്ങളല്ല എന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
Comments