ഭോപ്പാൽ: മുൻ സർക്കാരുകൾ വനവാസികളോടും പാവപ്പെട്ടവരോടും അനാദരവ് കാണിച്ചിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു ഗോത്രവർഗക്കാരി രാഷ്ട്രപതിയായപ്പോൾ പല പാർട്ടികളുടെയും പ്രതികരണങ്ങൾ എങ്ങനെയെന്ന് ജനങ്ങൾ കണ്ടതാണ്. കോൺഗ്രസ് സർക്കാരുകൾ വനവാസി സമൂഹത്തെ പൂർണമായും അവഗണിച്ചു. മദ്ധ്യപ്രദേശിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
വനവാസി മേഖലകളിലെ സ്കൂളുകളുടെയും കോളേജുകളുടെയും പ്രാധാന്യം വളരെ വലുതാണ്. അതുകൊണ്ടാണ് 400-ലധികം പുതിയ ഏകലവ്യ സ്കൂളുകളിലായി വിദ്യാഭ്യാസം നേടാൻ കേന്ദ്ര സർക്കാർ വനവാസി കുട്ടികൾക്ക് അവസരം നൽകിയത്. മദ്ധ്യപ്രദേശിൽ മാത്രം 24,000 വിദ്യാർത്ഥികളാണ് ഇത്തരം സ്കൂളുകളിൽ പഠിക്കുന്നത്. സംസ്ഥാനത്ത് ഏകദേശം 3.57 കോടി ആയുഷ്മാൻ ഭാരത് പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന കാർഡുകളുടെ വിതരണം ആരംഭിച്ചിട്ടുണ്ട.
ആയുഷ്മാൻ ഭാരത് യോജന പദ്ധതി ജനങ്ങൾക്ക് വളരെയധികം ഗുണപ്രദമാണ്. പാവപ്പെട്ടവരുടെ ചികിത്സാ ചിലവ് കുറയ്ക്കാൻ ഇത് സഹായിക്കുന്നു. ആയുഷ്മാൻ ചികിത്സാ കാർഡിലൂടെ അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ പാവപ്പെട്ടവർക്ക് സർക്കാർ ഉറപ്പാക്കുന്നുണ്ട്. ഇതിനോടകം മദ്ധ്യപ്രദേശിൽ 1 കോടി ആയുഷ്മാൻ ചികിത്സാ കാർഡ് സർക്കാർ വിതരണം ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Comments