പനാജി:സ്ത്രീ ശാക്തീകരണത്തിനും ലിംഗസമത്വത്തിനും ഏകീകൃത സിവിൽ കോഡ് അനിവാര്യമാണെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഇതിനെ ജാതിയോ മതമോ ആയി കൂട്ടികലർത്തേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഏകീകൃത സിവിൽ കോഡിനെ രാഷ്‌ട്രീയപരമായി കണ്ട് സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കാനാണ് പലരുടെയും ശ്രമം. ഇത്തരക്കാർക്ക് സ്ത്രീ ശാക്തീകരണമല്ല ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസിന്റെയും സമാജ് വാദി പാർട്ടിയുടെയും പേരെടുത്തായിരുന്നു പ്രമോദ് സാവന്തിന്റെ പരാമർശം.
ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച ബിൽ അവതരിപ്പിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് നന്ദി അറിയിക്കുന്നതായും കേന്ദ്രത്തിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി. ബിൽ ഉടൻ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം സൂചിപ്പിച്ചു.
വിയോജിപ്പും ഭിന്നതയും സൃഷ്ടിക്കുന്നതിന് മുൻപായി ഏകീകൃത സിവിൽ കോഡ് എന്താണെന്ന് മനസിലാക്കുകയാണ് വേണ്ടത്. ഏതെങ്കിലും ജാതിയെയോ മതത്തെയോ അടിസ്ഥാനമാക്കിയുള്ളതല്ല. വിവാഹം, വിവാഹ മോചനം, പിന്തുടർച്ചാവകാശം,സ്വത്തവകാശം, ദത്തെടുക്കൽ എന്നീ നാല് വിഷയങ്ങളാണ് ഏകീകൃത സിവിൽ കോഡ് കൈകാര്യം ചെയ്യുന്നത്. എന്നാൽ ചില രാഷ്‌ട്രീയ പാർട്ടികൾ ഇതിൽ രാഷ്‌ട്രീയവും മതവും കുത്തിനിറയ്‌ക്കാൻ ശ്രമം നടത്തുന്നതായും അദ്ദേഹം പറഞ്ഞു.
Comments