ശ്രീനഗർ : കാശ്മീരിലെ ഉദംപൂരിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻനിധിയിലൂടെ ആനുകൂല്യം ലഭിച്ചത് 60,000 ൽ അധികം കർഷകർക്ക്. 60,489 കർഷകർക്കാണ് ജില്ലയിൽ മാത്രം പദ്ധതിയുടെ ആനുകൂല്യം ലഭിച്ചത്. ജില്ലാ ചീഫ് അഗ്രികൾച്ചർ ഓഫീസർ സഞ്ചയ് ആനന്ദാണ് വിവരം മാധ്യമങ്ങൾക്ക് മുന്നിൽ പങ്കുവെച്ചത്.
പദ്ധതി പ്രകാരം കിട്ടുന്ന തുക തങ്ങൾക്ക് വലിയ സഹായമാണെന്ന് കർഷകർ പറയുന്നു. കൃഷിയുടെ പ്രാധാന്യം ജനങ്ങളെ അറിയിക്കുന്നതിൽ ഇത്തരം പദ്ധതികൾ എന്നും സഹായകരമാണെന്നും തങ്ങൾക്കിപ്പോൾ ഗുണമേന്മയുള്ള വിത്തുകൾ തിരഞ്ഞെടുക്കാൻ കഴിയുന്നുണ്ടെന്നും കർഷകർ പറയുന്നു. കുറഞ്ഞ വരുമാനമുള്ളപ്പോൾ അതിനു സാധിക്കാറുണ്ടായിരുന്നില്ല. പാവപ്പെട്ട കർഷകരെ ഉയർത്തിക്കൊണ്ടുവരാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ എന്നും പ്രയോജനകരമാണ്. ‘പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി’യെ പ്രശംസിച്ചുകൊണ്ട് മൂന്ന് പതിറ്റാണ്ടിലേറെയായി കാർഷിക രംഗത്തുള്ള കർഷകൻ സഞ്ചീവ് കുമാർ ശർമ പറഞ്ഞു.
പാവപ്പെട്ട കർഷകർക്കായി നേരിട്ട് ആനുകൂല്യം നൽകുകയെന്ന ലക്ഷ്യത്തോടെ 2019-ൽ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി. പദ്ധതി പ്രകാരം കർഷകർക്ക് വർഷത്തിൽ 6,000 രൂപ ധന സഹായം നൽകുന്നുണ്ട്. പദ്ധതിയനുസരിച്ച് രണ്ട് ഹെക്ടർ താഴെ ഭൂമിയുള്ള ചെറുകിട കർഷകർക്ക് മൂന്ന് ഗഡുക്കളായി 2,000 രൂപ വീതമാണ് ലഭിക്കുന്നത്.
















Comments