തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടി പാർലർ ഉടമയെ മയക്കുമരുന്ന് കേസിൽ കുടുക്കിയ സംഭവത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തൽ. മയക്കുമരുന്ന് സൂക്ഷിച്ചിരിക്കുന്ന വിവരം ലഭിച്ചത് ഇന്റർനെറ്റ് കോൾ വഴിയെന്ന് എക്സൈസ് ഉദ്യോഗസ്ഥൻ മൊഴി നൽകി. കേസിൽ സംശയമുള്ള ബന്ധു ബെംഗളൂരുവിലാണെന്നും ഇവരുടെ ഫോൺ സ്വിച്ചിഡ് ഓഫ് ആണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ഫെബ്രുവരി 27-നാണ് ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ മയക്കുമരുന്ന് കേസിൽ എക്‌സൈസ് സംഘം പിടികൂടിയത്. ഇവരിൽ നിന്നും 12 എൽഎസ്ഡി സ്റ്റാംപുകൾ കണ്ടെത്തിയതിനെ തുടർന്നായിരുന്നു ഷീലയെ അറസ്റ്റ് ചെയ്തത്. പിടിച്ചെടുത്ത എൽഎസ്ഡി സ്റ്റാംപുകളുടെ വിദഗ്ധ പരിശോധന ഫലം പുറത്തു വന്നപ്പോഴാണ് ലഹരിമരുന്ന് അല്ലെന്ന് വ്യക്തമായത്. കേസിൽ അറസ്റ്റിലായ ഷീല രണ്ടര മാസത്തോളമാണ് ജയിലിൽ കഴിഞ്ഞത്. തന്നെ കേസിൽ കുടുക്കിയത് ബെംഗളൂരൂവിലുള്ള ബന്ധുക്കളാണെന്ന് ഷീല നേരത്തെ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു.
കേസിൽ എക്‌സൈസ് ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്റർനെറ്റ് കോൾ വഴിയാണ് വിവരം ലഭിച്ചതെന്ന് പരിശോധന നടത്തിയ എക്സൈസ് ഉദ്യോഗസ്ഥൻ സതീശൻ മൊഴി നൽകി. തുടർന്ന് ബെംഗളൂരിവിലുള്ള ഷീലയുടെ ബന്ധുക്കളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും എത്തിയില്ല. നിലവിൽ ഇവരുടെ ഫോണും സ്വിച്ച് ഓഫ് ആണ്. അതേസമയം, ചെയ്യാത്ത കുറ്റത്തിന് ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്ന തനിക്ക് നീതി ലഭിക്കണമെന്നും കള്ളക്കേസിൽ കുടുക്കിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ഷീലയുടെ ആവശ്യം.
















Comments