ലോർഡ്സ്: ആഷസ് സീരിസിലെ രണ്ടാം ടെസ്റ്റിൽ അസാദ്ധ്യ പോരാട്ടവീര്യവുമായി ബെൻസ്റ്റോക്സ് കളം നിറഞ്ഞതോടെ ഇംഗ്ലണ്ട് തിരിച്ചുവരവിന്റെ പാതയിൽ. അവസാന ദിനം അവസാനിക്കാൻ 60 ഓവർ ശേഷിക്കെ ഇംഗ്ലണ്ടിന് ഇനി 90 റൺസ് വേണം ജയിക്കാൻ. തോൽവി ഉറപ്പിച്ചിടത്തു നിന്ന് സെഞ്ച്വറിയുമായി പൊരുതുന്ന ക്യാപ്റ്റൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്.
ഇന്ന് 114 / 4 എന്ന നിലയിൽ ദിവസം ആരംഭിച്ച ഇംഗ്ലണ്ടിനായി ഡക്കറ്റ്- സ്റ്റോക്സ് സഖ്യം ശ്രദ്ധയോടെ തുടങ്ങി. ഡക്കറ്റ് തന്നെ ആയിരുന്നു കൂടുതൽ ആക്രമിച്ചത്. എന്നാൽ സ്കോർ മുന്നോട്ട് പോകുന്നതിനിടെ ഡക്കറ്റ് 82 വീണു, പിന്നാലെ ജോണി ബെയര്സ്റ്റോ 10 പുറത്തായി. ശേഷമായിരുന്നു സ്റ്റോക്സ് താണ്ഡവം തുടങ്ങിയത്. നിലവിൽ 129 റൺസ് എടുത്ത് നിൽക്കുന്ന സ്റ്റോക്സിന് കൂട്ടായി ബ്രോഡാണ് ക്രീസിൽ നിൽക്കുന്നത്.
ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ 371 റൺസ് വിജലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ട് നാലാം ദിനം ബാറ്റിംഗിൽ പതറിയിരുന്നു. ഒരിക്കൽക്കൂടി സ്റ്റോക്സിന്റെ ഹീറോയിസം കാത്താണ് ഇംഗ്ലീഷ് ആരാധകരുടെ ഇരിപ്പ്. രണ്ട് വിക്കറ്റിന് 130 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഓസീസ് 279 റൺസിന് പുറത്തായതോടെ 370 റൺസിന്റെ ആകെ ലീഡാണ് കങ്കാരുക്കൾക്ക് ലഭിച്ചത്.
77 റൺസെടുത്ത ഓപ്പണർ ഉസ്മാൻ ഖവാജയാണ് ടോപ് സ്കോറർ. സ്റ്റുവർട്ട് ബ്രോഡ് നാലും ജോഷ് ടംഗും റോബിൻസണും രണ്ട് വിക്കറ്റ് വീതം നേടി. നേരത്തെ ഓസ്ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് സ്കോറായ 416നെതിരെ ഇംഗ്ലണ്ട് 325 റൺസിൽ പുറത്തായിരുന്നു. മുപ്പത്തിരണ്ടാം ടെസ്റ്റ് സെഞ്ചുറി നേടിയ സ്റ്റീവ് സ്മിത്താണ്(110) ഓസീസിന് മികച്ച സ്കോർ ഉറപ്പിച്ചത്.
















Comments