തൃശൂർ: ചാലക്കുടിയിൽ ബ്യൂട്ടിപാർലർ ഉടമയെ കള്ളകേസിൽ കുടുക്കിയ സംഭവത്തിൽ എക്‌സൈസ് ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തു. എക്‌സൈസ് ഇൻസ്പെക്ടറായ സതീശനെയാണ് സസ്‌പെൻഡ് ചെയ്തത്. എക്‌സൈസ് കമ്മീഷണറിന്റെ ഉത്തരവിനെ തുടർന്നാണ് സസ്‌പെൻഷൻ. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും സ്വമേധയ കേസെടുത്തിരുന്നു.
ബ്യൂട്ടി പാർലർ ഉടമയായ ഷീല സണ്ണിയെ കഴിഞ്ഞ ഫെബ്രുവരി 27-നാണ് മയക്കുമരുന്ന് കേസിൽ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്. തുടർന്ന് ഷീല 72 ദിവസം ജയിലിൽ വാസം അനുഭവിച്ചു. എന്നൽ ഷീലയിൽ നിന്ന് പിടിച്ചെടുത്തത് ലഹരി മരുന്നല്ല എന്ന പരിശോധന ഫലം പുറത്തുവന്നതോടെ എക്‌സൈസ് സംഘം വെട്ടിലാകുകയായിരുന്നു. തുടർന്നാണ് എക്‌സൈസ് ക്രൈം ബ്രാഞ്ച് വിഭാഗം അന്വേഷണം തുടങ്ങിയത്. ഇന്റർനെറ്റ് കോളിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് സതീശൻ മൊഴി നൽകിയിരുന്നു.
താൻ തെറ്റ് ചെയ്തിട്ടില്ലെന്നും ബെംഗളൂരുവിലുള്ള ബന്ധുക്കളാണ് ഇതിനു പിന്നിലെന്നും ഷീല പറഞ്ഞിരുന്നു. ബന്ധുവിനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം ശ്രമിച്ചെങ്കിലും ഇവരുടെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്നാണ് മനുഷ്യാവകാശ കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തത്. വ്യാജ കേസ് ചമയ്‌ക്കാൻ കൂട്ട് നിന്ന സതീശനെതിരെ വരും ദിവസങ്ങളിൽ തുടർനടപടികൾ ഉണ്ടായേക്കുമെന്ന് അധികൃതർ അറിയിച്ചു.
















Comments