എറണാകുളം: കൊച്ചിയെ കേരളത്തിന്റെ തലസ്ഥാനമാക്കണമെന്ന ഹൈബി ഈഡൻ എംപിയുടെ സ്വകാര്യ ബില്ലിൽ കുഴഞ്ഞ് കോൺഗ്രസ് നേതൃത്വം. വിഷയത്തിൽ ഇനി പ്രതികരിക്കരുതെന്നാണ് നേതൃത്വം ഹൈബിയ്‌ക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. പിന്നാലെ അനുമതിയില്ലാതെ സ്വകാര്യ ബിൽ അവതരിപ്പിക്കരുതെന്നും കോൺഗ്രസ് കേന്ദ്ര നേതൃത്വം പാർട്ടി എംപി മാർക്ക് നിർദ്ദേശം നൽകി.
മാർച്ച് മാസത്തിലാണ് ലോക്‌സഭയിൽ കൊച്ചി എംപി ഹൈബി ഈഡൻ സ്വകാര്യബിൽ അവതരിപ്പിച്ചത്. കേരള സംസ്ഥാനത്തിന്റെ തലസ്ഥാനം തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് മാറ്റണമെന്നായിരുന്നു ആവശ്യം. പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ സംസ്ഥാനത്തിന്റെ നിലപാട് തേടുകയായിരുന്നു. എന്നാൽ ബില്ലിലെ നിർദ്ദേശം അപ്രായോഗികമാണെന്നായിരുന്ന സംസ്ഥാന സർക്കാർ കേന്ദ്രത്തിന് നൽകിയ മറുപടി.
എന്നാൽ കഴിഞ്ഞ ദിവസമാണ് വിഷയം വിവാദത്തിലേക്ക് നീങ്ങിയത്. സ്വന്തം പാർട്ടിയിൽ നിന്നുതന്നെ ഹൈബിയ്‌ക്ക് വൻ എതിർപ്പുകൾ നേരിടേണ്ടിവന്നു. കെ.മുരളീധരൻ എംപി, ശശി തരൂർ എംപി, അടൂർ പ്രകാശ് എംപി എന്നിവർ ഹൈബിയെ വിമർശിച്ചുകൊണ്ട് രംഗത്തുവന്നു.
Comments