ബംഗ്ലാദേശ് പര്യടനത്തിനുള്ള ഏകദിന, ട്വന്റി-20 ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു.ഇന്ത്യൻ വനിതാ ട്വന്റി-20 ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തിനുളള ടീമിൽ ഇടം നേടി മലയാളി താരം മിന്നു മണി. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ താരമായ മിന്നു മണി വയനാട് മാനന്തവാടി സ്വദേശിയാണ്. 18 അംഗ ടീമിൽ ഇടം പിടിച്ച ഓൾ റൗണ്ടറായ മിന്നു ഇത് ആദ്യമായാണ് ഇന്ത്യൻ സീനിയർ ടീമിൽ അംഗമാകുന്നത്. ട്വന്റി-ട്വന്റി ടീമിൽ മാത്രം സ്ഥാനം ലഭിച്ച താരം മുമ്പ് ഇന്ത്യൻ എ ടീമിലും ഇടംപിടിച്ചിരുന്നു.
അതേസമയം, പ്രധാന താരങ്ങളായ വിക്കറ്റ് കീപ്പർ റിച്ച ഘോഷിനെയും പേസ് ബൗളിങ് കുന്തമുന രേണുക സിംഗിനെയും ഒഴിവാക്കിയത് അമ്പരപ്പിക്കുന്ന തീരുമാനമായി. ഇരുവരെയും ഉൾപ്പെടുത്താതിരിക്കാനുളള കാരണം ബിസിസിഐ വെളിപ്പെടുത്തിയിട്ടില്ല. പേസ് ബൗളർ ശിഖ പാണ്ഡെ, ഇടങ്കൈ സ്പിന്നർമാരായ രാജേശ്വരി ഗെയ്‌ക്ക്വാദ്, രാധ യാദവ് എന്നിവരാണ് ടീമിൽ നിന്ന് പുറത്തായ മറ്റു പ്രമുഖർ.
ഹർമൻപ്രീത് കൗറാണ് ബംഗ്ലാദേശ് പര്യടനത്തിനായുളള ഏകദിന, ട്വന്റി-20 ടീമിനെ നയിക്കുക. മിർപൂരിൽ നടക്കുന്ന മൂന്നു മത്സരങ്ങളുളള ട്വന്റി-20 പരമ്പര ജൂലൈ 9നും ഏകദിനപരമ്പര ജൂലൈ 16നും ആരംഭിക്കും. അടുത്ത ടി-20 മത്സരങ്ങൾ ജൂലൈ 11, 13 തീയതികളിലും, രണ്ടും മൂന്നും ഏകദിനങ്ങൾ യഥാക്രമം ജൂലൈ 19, ജൂലൈ 22 തീയതികളിൽ നടക്കും.
ട്വന്റി-20 ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥന (വൈസ് ക്യാപ്റ്റൻ), ദീപ്തി ശർമ, ഷഫാലി വർമ, ജമീമ റോഡ്രിഗ്സ്, യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), ഹർലീൻ ഡിയോൾ, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പർ), അമൻജോത് കൗർ, എസ്. മേഘന, പൂജ വസ്ത്രകാർ, മേഘന സിങ്, അഞ്ജലി സർവാനി, മോണിക്ക പട്ടേൽ, റാഷി കനോജി, അനുഷ ബാറെഡ്ഡി, മിന്നു മണി.
ഏകദിന ടീം: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ഥന (വൈസ് ക്യാപ്റ്റൻ), ദീപ്തി ശർമ, ഷഫാലി വർമ, ജമീമ റോഡ്രിഗ്സ്, യസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), ഹർലീൻ ഡിയോൾ, ദേവിക വൈദ്യ, ഉമ ഛേത്രി (വിക്കറ്റ് കീപ്പർ), അമൻജോത് കൗർ, പ്രിയ പൂനിയ, പൂജ വസ്ത്രകാർ, മേഘന സിങ്, അഞ്ജലി സർവാനി, മോണിക്ക പട്ടേൽ, റാഷി കനോജിയ, അനുഷ ബാറെഡ്ഡി, സ്നേഹ് റാണ.
















Comments