കോട്ടയം: കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിലെ രണ്ടാം വർഷ വിദ്യാർത്ഥി ശ്രദ്ധ സതീഷിന്റെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്ന ആരോപണവുമായി കുടുംബം. കോളേജിലെ ആരോപണ വിധേയരാവരെ ചോദ്യം ചെയ്യുന്നതിന് പകരം ശ്രദ്ധയുടെ അയൽക്കാരുടെ മൊഴിയെടുക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമിക്കുന്നതെന്ന് ശ്രദ്ധയുടെ പിതാവ് സതീഷ് പറഞ്ഞു.
ജൂൺ രണ്ടിനാണ് ശ്രദ്ധ കോളേജ് ഹോസ്റ്റലിൽ ആത്മഹത്യ ചെയ്തത്. ഒപ്പം താമസിക്കുന്ന കുട്ടികൾ ഭക്ഷണം കഴിക്കാൻ പുറത്തുപോയി തിരികെയെത്തിയപ്പോൾ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. മരണത്തിൽ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം നേരത്തെയും രംഗത്തെത്തിയിരുന്നു. അദ്ധ്യാപകരുടെ മാനസിക പീഡനമാണ് ശ്രദ്ധയുടെ മരണത്തിന് കാരണമെന്നാണ് കുടുംബം ആരോപിച്ചത്. കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതിലും കോളേജ് അധികൃതർ വീഴ്ച വരുത്തിയതായും കുടുംബം കുറ്റപ്പെടുത്തിയിരുന്നു.
ശ്രദ്ധയുടെ മരണത്തിന് പിന്നാലെ അമൽ ജ്യോതി കോളേജിൽ നടക്കുന്ന നിയമലംഘനങ്ങളും അദ്ധ്യപകരുടെ മാനസിക പീഡനങ്ങളും വിദ്യാർത്ഥികൾ തുറന്ന് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് കോളേജിൽ അലടയിച്ചത്. ശ്രദ്ധയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ ക്യാമ്പസിനുള്ളിൽ പ്രതിഷേധിച്ചു. കോളേജിലെ അദ്ധ്യാപകർക്കും മാനേജ്‌മെന്റിനും മരണത്തിൽ പങ്കുണ്ടെന്നും മാനസിക സമ്മർദ്ദമാണ് ശ്രദ്ധ ജീവനൊടുക്കാൻ കാരണമായതെന്നും വിദ്യാർത്ഥികൾ ആരോപിച്ചിരുന്നു. ഇവർക്കെതിരെ നടപടി ആവശ്യമാണെന്ന് വിദ്യാർത്ഥികളുടെ ആവശ്യം പരിഗണിച്ചായിരുന്നു സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്.
മരണം നടന്ന് ഒരു മാസം പിന്നിട്ടിട്ടും അന്വേഷണം ഇഴയുകയാണ്. ശാസ്ത്രീയ പരിശോധനഫലങ്ങൾ ലഭിച്ചില്ലെന്ന് കാണിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം താത്കാലികമായി അവസാനിപ്പിച്ചു. കോളേജിന് അനുകൂലമായ നിലപാടാണ് അന്വേഷണസംഘം സ്വീകരിക്കുന്നതെന്ന ആക്ഷേപം ഉയരുന്ന സാഹചര്യത്തിലാണ് അന്വേഷണം പാതിവഴിയിൽ ഉപേക്ഷിച്ചത്.
















Comments