വീണ്ടും പ്ലാസ്റ്റിക് നിരോധനം കർശനമാക്കുന്നു; ഇന്നലെ മാത്രം കണ്ടെത്തിയത് 100 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ

Published by
Janam Web Desk

ഇടുക്കി: പ്ലാസ്റ്റിക് നിരോധനം സർക്കാർ വീണ്ടും കർശനമാക്കി നടപ്പിലാക്കാൻ ഒരുങ്ങുന്നു. ഇതേതുടർന്ന് വീണ്ടും തൊടുപുഴയിലെ വ്യാപാരസ്ഥാപനങ്ങളിൽ പരിശോധന ആരംഭിച്ചു. ഇന്നലെ തൊടുപുഴ നഗരസഭ ഹെൽത്ത് സ്‌ക്വാഡ് അമ്പലം ബൈപാസ് റോഡ്, മാർക്കറ്റ് റോഡ് എന്നീ മേഖലകളിലെ കച്ചവട സ്ഥാപനങ്ങളിൽ നിന്നായി 100 കിലോ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. സംഭവത്തിന് പിന്നാലെ ഈ കടകൾക്ക് നോട്ടീസ് നൽകി. എത്ര രൂപ വീതം ഓരോ കടയും പിഴ ഈടാക്കണമെന്നത് സംബന്ധിച്ച് അന്തിമ തീരുമാനം തിങ്കളാഴ്ച നടക്കും.

സർക്കാർ നിരോധിച്ച പ്ലാസ്റ്റിക് ഉൽപന്നങ്ങൾ നഗരത്തിൽ വ്യാപകമായി വിൽപ്പനയ്‌ക്കും വിതരണത്തിനും ശേഖരിക്കുന്നതായി പരാതി ഉയർന്നിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു. ഒറ്റത്തവണ ഉപയോഗിച്ച് വലിച്ചെറിയുന്ന ഉത്പന്നങ്ങൾ പിടിച്ചെടുത്ത് നിയമാനുസൃത പിഴ ഈടാക്കും.

പ്ലാസ്റ്റിക് ക്യാരിബാഗുകൾ, കപ്പുകൾ, സ്‌ട്രോകൾ, സ്പൂണുകൾ, ഷീറ്റുകൾ, കൊടിതോരണങ്ങൾ, ബ്രാൻഡ് ചെയ്യാത്ത ജ്യൂസ് പാക്കറ്റുകൾ, പിവിസി ഫ്‌ളക്‌സുകൾ, അരലിറ്ററിൽ താഴെയുള്ള വെള്ളക്കുപ്പികൾ, തെർമോകോൾ പ്ലേറ്റുകൾ, പേപ്പർ കപ്പുകൾ, നോൺമൂവർ പോളി പ്രൊപ്പലിൻ ക്യാരിബാഗുകൾ എന്നീ പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്കാണ് വിലക്ക്. നിരോധനം ലംഘിക്കുന്നവരിൽ നിന്നും ആദ്യ ഘട്ടത്തിൽ 10,000 രൂപ പിഴയും തുടർന്നും ലംഘനങ്ങൾ തുടരുകയാണെങ്കിൽ 26,000 മുതൽ 50,000 രൂപയും ഈടാക്കും. തുടർന്നും കുറ്റം ആവർത്തിക്കുകയാണെങ്കിൽ സ്ഥാപനം അടച്ച് പൂട്ടുന്നത് ഉൾപ്പെടെയുള്ള നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

Share
Leave a Comment