കണ്ണൂർ: തലശ്ശേരിയിൽ സഹോദരനുൾപ്പെടെ മൂന്ന് പേരെ തീവെച്ചു കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പത്തായക്കുന്ന് സ്വദേശി രഞ്ജിത്ത്(47)ആണ് ആത്മഹത്യ ചെയ്തത്. സഹോദരനെയും ഭാര്യയെയും കുട്ടിയെയുമാണ് രഞ്ജിത്ത് തീവെച്ച് കൊലപ്പെടുത്തിയത്. പൊള്ളലേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് സഹോദരൻ രജീഷിന്റെ ഭാര്യയുടെ മരണം. ഇന്നലെ രാത്രിയോടെയാണ് സംഭവം.
അനുജൻ രജീഷും (43) ഭാര്യ സുബിനയും ഭക്ഷണം കഴിക്കുന്നതിനിടയിൽ തറയിൽ മണ്ണെണ്ണ ഒഴിച്ച് കത്തിക്കുകയായിരുന്നു. അനുജന്റെ ഭാര്യ സുബിനയുടെ ദേഹത്ത് തീ പടർന്നതോടെ രജീഷ് തീ അണയ്‌ക്കാൻ ശ്രമിച്ചു. തുടർന്ന് തീയണയ്‌ക്കുന്നതിനിടെ രജീഷിനും ആറ് വയസ്സുള്ള കുട്ടിയ്‌ക്കും ഗുരുതരമായി പൊള്ളലേറ്റു. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
രജീഷ്-സുബിന ദമ്പതിയുടെ മൂത്ത മകൻ സൂര്യതേജ് സുബിനയുടെ വീട്ടിലായിരുന്നു. രഞ്ജിത്തിനെ കാണാതായതിനെ തുടർന്ന് നാട്ടുകാർ അന്വേഷിക്കുന്നതിനിടെയാണ് കിടപ്പുമുറിയിൽ രഞ്ജിത്തിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Comments