മുംബൈ: മഹാരാഷട്ര നിയമസഭയിൽ പ്രതിപക്ഷ നേതൃസ്ഥാനം ആവശ്യപ്പെട്ട് കോൺഗ്രസ്. എൻസിപിയിലെ ഭൂരിഭാഗം അംഗങ്ങളും അജിത് പവാറിനൊപ്പം എൻഡിഎയിൽ എത്തിയതിനാൽ നിലവിൽ പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ കക്ഷി തങ്ങളാണെന്ന് കാണിച്ചാണ് പ്രതിപക്ഷ നേതൃസ്ഥാനം കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ശരദ് പവാർ വിഭാഗം കോൺഗ്രസിന്റെ ഈ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചെന്നാണ് ലഭിയ്‌ക്കുന്ന വിവരം.
ആകെ 53 അംഗങ്ങളാണ് സഭയിൽ എൻസിപിയിക്കുള്ളത്. ഇതിൽ 40 പേരും തങ്ങൾക്കൊപ്പം ഉണ്ടെന്നാണ് അജിത് പവാർ ക്യാമ്പ് അറിയിച്ചിരിക്കുന്നത്. അങ്ങനെയെങ്കിൽ കേവലം 13 അംഗങ്ങൾ മാത്രമാണ് ശരദ് പവാർ വിഭാഗത്തിനൊപ്പമുള്ളത്. അതിനാലാണ് 42 സീറ്റുകളുള്ള കോൺഗ്രസ് പ്രതിപക്ഷ നേതൃസ്ഥാനത്തിന് അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
അജിത് പവാർ എൻഡിഎയിൽ എത്തിയതിന് പിന്നാലെ ജിതേന്ദ്ര അവാദിനെ പ്രതിപക്ഷ നേതാവായി എൻസിപി പ്രഖ്യാപിച്ചിരുന്നു. അവാദ് സഭയിലെത്തി കത്തുകൈമാറി ചുമതലയേറ്റു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് ആവശ്യമുന്നയിച്ചത്.
നിലവിൽ സഭയിൽ 288 അംഗങ്ങളുള്ള സഭയിൽ 105 അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. ഭരണകക്ഷിയിൽ ശിവ സേന- 40, എൻസിപി- 40, മറ്റു ചെറുപാർട്ടികൾ- 11 എന്നിങ്ങനെയാണ് കക്ഷി നില. പ്രതിപക്ഷ നിരയിൽ, കോൺഗ്രസ്- 45, എൻസിപി ശരദ് പവാർ വിഭാഗം- 13 , ഉദ്ധവ് സേന- 17, മറ്റു ചെറുകക്ഷികൾ – 3 എന്നിങ്ങനെയാണ് കക്ഷി നില. എഐഎംഐഎം, സമാജ്വാദി പാർട്ടി എന്നിവർക്ക് രണ്ട് വീതം സീറ്റുകളും മഹാരാഷ്‌ട്ര നിയമസഭയിലുണ്ട്.
















Comments