കൊൽക്കത്ത: ലോകകപ്പ് കിരീടത്തിൽ അർജന്റീന മുത്തമിട്ട് ഏഴുമാസങ്ങൾക്ക് ശേഷം കൊൽക്കത്തയിൽ കാലുകുത്തിയ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന് ആരാധകർ നൽകിയത് വൻ സ്വീകരണം. ഡിസംബർ 17 നാണ് ലയണൽ മെസിക്ക് കീഴിൽ അർജന്റീന 34 വർഷത്തെ കാത്തിരിപ്പിനൊടുവിൽ കിരീടം സ്വന്തമാക്കിത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് എയർപോർട്ടിൽ അർജന്റീനയുടെ കാവൽ മാലാഖ എമിലിയാനോ മാർട്ടിനസ് എത്തിയത്. വിമാനത്താവളത്തിൽ തന്നെ സ്വീകരിക്കാനെത്തിയ ആയിരക്കണക്കിന് ആരാധകരെ കണ്ട് അദ്ദേഹം അമ്പരന്നു.
‘കൊൽക്കത്തയിൽ വരുമെന്ന് ഞാൻ വാഗ്ദാനം ചെയ്തതുപോലെ, ഞാൻ ഇപ്പോൾ ഇതാ ഇവിടെ എത്തിയിരിക്കുന്നു. ഇന്ത്യ ഒരു മഹത്തായ രാജ്യമാണ്, അടുത്ത രണ്ട് ദിവസങ്ങളിൽ ഞാൻ കാണാൻ കാത്തിരിക്കുന്ന ഒരു നഗരമാണ് കൊൽക്കത്ത. നിങ്ങളെ എല്ലാവരെയും ഇവിടെ കണ്ടതിൽ സന്തോഷം.’ – വിമാനത്താവളത്തിലെത്തിയ മാദ്ധ്യമപ്രവർത്തകരോട് താരം പറഞ്ഞു.
ജൂലൈ 3 മുതൽ ജൂലൈ 6 വരെയാണ് മാർട്ടിനെസ് കൊൽക്കത്തയുലുണ്ടാകുക. ഇന്ന് എമി മാർട്ടിനെസ് ‘തഹാദർ കോത’ എന്ന പേരിലുള്ള മീറ്റ് ആൻഡ് ഗ്രീറ്റ് ഇവന്റിന്റെ ഭാഗമാകും, അവിടെ ഫുട്‌ബോൾ ആരാധകർക്ക് അർജന്റീനിയൻ താരവുമായി സംവദിക്കാനുള്ള അവസരമുണ്ട്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി, പ്രാദേശിക പ്രമുഖർ എന്നിവരുമായി കൂടിക്കാഴ്‌ച്ച നടത്തും. സന്തോഷ് മിത്ര സ്‌ക്വയറിൽ സ്‌കൂൾ കുട്ടികളുമായും സംവദിക്കുന്ന അദ്ദേഹം മോഹൻ ബഗാൻ ക്ലബ്ബിലെ പെലെ-മറഡോണ-സോബേഴ്സ് ഗേറ്റും ഉദ്ഘാടനം ചെയ്യും.
ഡീഗോ മറഡോണ, പെലെ, കഫു, ദുംഗ തുടങ്ങിയ ഇതിഹാസങ്ങളെ കൊൽക്കത്തയുടെ മണ്ണിലേക്ക് കൊണ്ടുവന്ന സ്പോർട്സ് പ്രൊമോട്ടർ സതാദ്രു ദത്ത, ഇപ്പോൾ ലോക ഫുട്ബോളിലെ സൂപ്പർ താരത്തെ കൊണ്ടുവന്നതിലൂടെ വീണ്ടും തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു.
Comments