സാമ്പത്തിക പ്രതിസന്ധിയിൽ തകർച്ച നേരിടുന്ന വിദ്യഭ്യാസ സാങ്കേതിക വിദ്യ (എഡ്ടെക) സ്ഥാപനമായ ബൈജൂസുമായി ഷാരൂഖ് ഖാൻ അകലുന്നു. ബോളിവുഡ് താരത്തിന് സെപ്റ്റംബർ വരെ കമ്പനിയുമായി കരാറുണ്ടെങ്കിലും പുതുക്കില്ലെന്നാണ് വിവരം. നിലവിൽ ചെലവ് ചുരുക്കൽ നടപടികൾ കമ്പനിയിൽ നടക്കുന്നതിനാൽ കരാർ പുതുക്കുന്നത് കമ്പനിക്കും ശ്രമകരമാണ്.
തുടരെ തുടരെയുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധിയിൽ പിരിച്ചുവിടലുകൾ നടത്തുന്ന കമ്പനിയുടെ ബ്രാൻഡ് അംബാസിഡർ പദവി തുടരാൻ താരത്തിനും താത്പ്പര്യമില്ലെന്ന് ഷാരൂഖ് ഖാനോട് അടുത്ത വൃത്തങ്ങൾ പറയുന്നു. 2017 ലാണ് ബൈജൂസ് നാലു കോടി രൂപയ്‌ക്ക് ബ്രാൻഡ് പ്രചരണത്തിനായി ഷാരൂഖാനുമായി കരാർ ഒപ്പുവയ്‌ക്കുന്നത്. അന്നുമതുൽ ബൈജൂസിന്റെ പരസ്യമുഖമായി ഷാരൂഖ് ഖാൻ പ്രത്യക്ഷപ്പെടുന്നുണ്ട്.
ഷാരൂഖ് ഖാനുമായുള്ള സഹകരണത്തിൽ ഇതിനു മുൻപും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. പഠന നിലവാരം പോരെന്നും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകുന്നുവെന്നും കാട്ടി ഇക്കഴിഞ്ഞ ഏപ്രിലിൽ മധ്യപ്രദേശ് ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ബൈജൂസിനും ഷാരൂഖ് ഖാനും 50,000 രൂപ വീതം പിഴ ചുമത്തിയിരുന്നു. ഇതേ തുടർന്ന് താരത്തിന്റെ ബൈജൂസുമായുള്ള സഹകരണത്തെ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ ആരാധകർ നിരന്തരമായി ചോദ്യം ചെയ്യുന്നുണ്ട്.
Comments