കൊച്ചിയെ കേരളത്തിന്റെ തലസ്ഥാനമാക്കണമെന്നുമുള്ള ആശയത്തെ ന്യായീകരിച്ച് നിരവധി കോൺഗ്രസുകാരാണ് രംഗത്തെത്തുന്നതെന്ന് ബിജെപി കേരള ഐടി സെൽ കൺവീനർ ജയശങ്കർ എസ്. ഹൈബി ഈഡൻ കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ വന്ന കമന്റുകൾ ഞെട്ടിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഹൈബിക്ക് പിന്നിൽ നിരവധി കോൺഗ്രസ് നേതാക്കളാണ് ഇതേ ആവശ്യവുമായി അണിനിരക്കുന്നത്. സംസ്ഥാനത്ത് പ്രാദേശിക വികാരം ആളിക്കത്തിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് കോൺഗ്രസിന്റെ ആവശ്യമെന്ന് സംശയിക്കുന്നതായും ജയശങ്കർ പറഞ്ഞു.
വിശദമായ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:
കൊച്ചി കേരളത്തിന്റെ തലസ്ഥാനമാകണെമെന്നുള്ള ആശയത്തെ ന്യായീകരിച്ച് ഹൈബി ഈഡൻ ഇന്നലെ രാത്രി ഇട്ട ഫേസ്ബുക് പോസ്റ്റിന്റെ അടിയിൽ വന്ന കമന്റുകൾ ഞെട്ടിക്കുന്നതാണ്. കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഹൈബിക്ക് പിന്നിൽ കൂടുതലായി അണിനിരക്കുകയാണ്. കേരളത്തിന്റെ തലസ്ഥാനം കൊച്ചിയിലേയ്‌ക്ക് മാറ്റണമെന്ന കോൺഗ്രസിന്റെ ആവശ്യം സംസ്ഥാനത്ത് പ്രാദേശിക വികാരം ആളിക്കത്തിച്ച് മുതലെടുപ്പ് നടത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് സംശയിക്കുന്നു. ഹൈബി ഈഡൻ എന്ന എംപിയുടെ വ്യക്തിപരമായ ആവശ്യമാണ് സ്വകാര്യബില്ലായി പാർലമെൻ്റിൽ എത്തിയതെന്നുള്ള കോൺഗ്രസിന്റെ വിശദീകരണം ഒട്ടും തൃപ്തികരമല്ല. കേരളത്തിൽ വിഷയം ചർച്ചയാകണം എന്ന ഉദ്ദേശത്തോടെ കോൺഗ്രസ് പാർട്ടിയുടെ അനുവാദത്തോടെ തന്നെയാകണം ഹൈബി ഈഡൻ എംപി ഇത്തരമൊരു ആവശ്യം ഉന്നയിച്ചിട്ടുണ്ടാവുക.
തിരുവനന്തപുരം കേരളത്തിന്റെ തലസ്ഥാനത്തിന് അനുയോജ്യമാകാൻ ചരിത്രപരമായ പല കാരണങ്ങളുമുണ്ട്. എന്നും തലയുയർത്തി നിന്ന്, വൈദേശിക ശക്തികളുടെ ആക്രമണങ്ങളെ മുട്ടുമടക്കാതെ നേരിട്ട ചരിത്രം പേറുന്ന ഭൂമിയാണ് തിരുവനന്തപുരത്തിൻ്റേത്. ദക്ഷിണേന്ത്യയിലെ തന്നെ പ്രധാന രാജവംശമായ തിരുവിതാംകൂർ രാജവംശത്തിന്റെ അധികാര കേന്ദ്രമായിരുന്നു തിരുവനന്തപുരം. ഇത് ലക്ഷ്യം വെച്ച് എത്തിയവരെല്ലാം, ശക്തമായ പോരാട്ടത്തിന്റെ ചൂടറിഞ്ഞവരാണ്. ഏഷ്യയിലാദ്യമായി ഒരു യൂറോപ്യൻ ശക്തി പരാജയപ്പെട്ടത് മാർത്താണ്ഡവർമ്മയുടെ നേതൃത്വത്തിൽ, 1741 ൽ നടന്ന കുളച്ചൽ യുദ്ധത്തിലായിരുന്നു. ഭാരതത്തിൽ ഡച്ച് അധിനിവേശം വ്യാപിക്കാതെ പിടിച്ചു നിർത്തുന്നതിൽ കുളച്ചൽ യുദ്ധത്തിന് വലിയ പങ്കുണ്ട്. 1795 ആണ് തലസ്ഥാനം പദ്മനാഭപുരത്തുനിന്നും തിരുവനന്തപുരം ആകുന്നത്. അന്നുമുതലിന്നുവരെ അതിന്റെ പ്രതാപം മങ്ങിയിട്ടില്ല. ടിപ്പുവിന്റെ പടയോട്ടത്തിന് കൂച്ചുവിലങ്ങിട്ടതും തിരുവിതാംകൂറായിരുന്നു. കേരളം മുഴുവൻ പിടിച്ചടക്കിയും, നിർബന്ധിത മത പരിവർത്തനം നടത്തിയും, ക്ഷേത്രങ്ങൾ നശിപ്പിച്ചും മുന്നേറിയ ടിപ്പുവിനെ ആട്ടിയോടിച്ചതു തിരുവിതാംകൂറാണ് .1789 ലെ ആദ്യ ശ്രമത്തിൽ, ഇടതു കാൽമുട്ടിനേറ്റ വെട്ടു കൊണ്ടാണ് ടിപ്പു ജീവനും കൊണ്ടോടിയത്. മരണം വരെ മുടന്തനായാണ് ടിപ്പു ജീവിച്ചതെന്നും ചരിത്രം രേഖപ്പെടുത്തുന്നു. പ്രതികാര ദാഹവുമായി, 1790 ൽ പിന്നെയും തിരുവിതാംകൂർ പിടിച്ചടക്കാൻ ടിപ്പുവെത്തി. പത്മനാഭന്റെ കൊടിമരത്തിൽ ഞാൻ എന്റെ കുതിരയെ തളയ്‌ക്കും എന്ന് പ്രഖ്യാപിച്ച് വൻ പടയുമായെത്തിയെ ടിപ്പുവിനെ പത്മനാഭന്റെ മണ്ണിൽ കാലുകുത്താൻ അനുവദിച്ചില്ല. തന്ത്രപരമായ നീക്കത്തിലൂടെ ടിപ്പുവിനെ തുരത്തിയോടിക്കാൻ കഴിഞ്ഞു. പദ്മനാഭനെ തൊടാനും സ്വത്തു കൈക്കലാക്കാനും സാധിക്കാതതുകൊണ്ടുതന്നെ മതതീവ്രവാദികൾക്ക് തിരുവനന്തപുരത്തോടുള്ള കലി അവസാനിച്ചില്ല.
1750 ൽ അനിഴം തിരുന്നാൾ മാർത്താണ്ഡവർമ്മ മഹാരാജാവ് തൃപ്പടിദാനം നടത്തി പത്മനാഭന് സമർപ്പിച്ച മണ്ണാണ് തിരുവനന്തപുരത്തിൻ്റേത്. താനും തന്റെ അനന്തരാവകാശികളും പത്മനാഭ ദാസൻമാരായി ഭരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മലയാളികളുടെ മനസ്സിൽ ആഴത്തിൽ പതിഞ്ഞ കാര്യങ്ങളാണിവയെല്ലാം.
കേരള സംസ്ഥാനം രൂപീകരിക്കുന്നതിന് മുമ്പ് തന്നെ അധികാര കേന്ദ്രമായിരുന്നു തിരുവനന്തപുരം. സാംസ്കാരികമായും സാമൂഹികമായും കേരളത്തെ പരുവപ്പെടുത്തുന്നതിൽ തിരുവനന്തപുരം എന്ന പ്രദേശത്തിന് അത്രയേറെ പ്രധാന്യമുണ്ട്. തലസ്ഥാനം എന്ന പദവി തിരുവന്തപുരത്തിന് വന്ന് ചേർന്നതല്ല അത് ആർജ്ജിച്ചെടുത്താതാണെന്ന് തന്നെ സാരം. തിരുവിതാംകൂർ കാലഘട്ടം മുതൽ തന്നെ ഭരണപരമായ പ്രവർത്തനങ്ങൾക്ക് അനുയോജ്യമായ രീതിയിലാണ് തിരുവനന്തപുരത്തെ വികസിപ്പിച്ചെടുത്തതെന്ന് ഓർമ്മ
വേണം.
സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം തിരു-കൊച്ചി സംസ്ഥാനത്തിന്റെ തലസ്ഥാനമായി തിരുവനന്തപുരം മാറിയതും സംസ്ഥാനങ്ങളുടെ പുനഃസംഘടനാ നിയമം പാസ്സായതോടെ കേരളത്തിന്റെ തലസ്‌ഥാനം ആയതുമായ ചരിത്രം ഹൈബി ഈഡനും കോൺഗ്രസും പഠിക്കേണ്ടതുണ്ട്. പത്മനാഭന്റെ മണ്ണിലെ തലസ്ഥാനം ഓരോ കേരളീയന്റെയും വികാരമാണെന്ന് കോൺഗ്രസ് അറിയണം. അതിനെ തൊട്ട് കളിക്കുന്നതത് വലിയ പ്രത്യാഘാതങ്ങൾക്ക് കാരണമാകും എന്ന് മാത്രം ഓർമ്മിപ്പിക്കുന്നു.
ചില മത സാമുദായിക താത്പര്യങ്ങളാണ് കോൺഗ്രസിനെ ഇത്തരമൊരു നീക്കത്തിന് പ്രേരിപ്പിച്ചിട്ടുണ്ടാവുക. തലസ്ഥാന മാറ്റം എന്ന ആവശ്യത്തെ യൂത്ത് ലീഗിനെപ്പോലുള്ള സംഘടനകൾ അനുകൂലിച്ചുവെന്ന കാര്യവും ഓർക്കേണ്ടതുണ്ട്. .വടക്ക്, തെക്ക് എന്നിങ്ങനെ വിഭജിച്ചുള്ള പ്രസ്താവനകൾ കോൺഗ്രസിന്റെ ഭാഗത്തു നിന്നും അടുത്തിടെയുണ്ടാകുന്നതിനെ ഗൗരവമായി തന്നെ കാണണം. തെക്കൻമാരെ വിശ്വസിക്കാൻ കൊള്ളില്ലെന്ന തരത്തിൽ കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ തന്നെ പ്രസ്താവന നടത്തിയിരുന്നു. അതിന് ചുവട് പിടിച്ചാണോ ഹൈബി ഈഡൻ എംപിയുടെ പുതിയ നീക്കമെന്നും പരിശോധിക്കേണ്ടിരിക്കുന്നു. വിഭജനം നടത്തി രാഷ്‌ട്രീയ നേട്ടമുണ്ടാക്കുകയെന്നത് കോൺഗ്രസിന്റെ ശീലമാണ്. കട്ടിംഗ് സൗത്ത് പോലുള്ള വിഘടനവാദ ആശയങ്ങൾക്ക് ഊർജ്ജം നൽകുന്ന നിലപാടുകൾ കോൺഗ്രസ് സ്വീകരിച്ചുവരുന്നത് ആശങ്കാജനകമാണ്. വിദേശ മണ്ണിൽ ഭാരതത്തിന്റെ അഖണ്ഡതയെ തന്നെ ചോദ്യം ചെയ്യുന്ന പ്രസ്താവനകൾ നടത്തുന്ന രാഹുൽ ഗാന്ധി അവരുടെ നേതാവാകുമ്പോൾ അങ്ങനെയാകാതെ തരമില്ലല്ലോ.
ഐക്യ കേരളത്തെ തിരുവിതാംകൂറും, കൊച്ചിയും, മലബാറുമായെല്ലാം വീണ്ടും വിഭജിക്കുകയാണോ ഹൈബി ഈഡനിലൂടെ കോൺഗ്രസ് ലക്ഷ്യമിടുന്നതെന്നും സംശയിക്കാവുന്നതാണ്. മുമ്പ് നാട്ടുരാജ്യങ്ങളുടെ ഒരു കൂട്ടം മാത്രമായി ഇന്ത്യയെ കാണാനാണ് ഇടതുപക്ഷം ആഗ്രഹിക്കുകയും ശ്രമിക്കുകയും ചെയ്തത്. അധികാരത്തിനായി സമാനമായ രീതിയിൽ കോൺഗ്രസും ശ്രമിക്കുകയാണോ എന്ന് തോന്നിപ്പിക്കുന്നതാണ് കോൺഗ്രസിന്റെ നീക്കം. ഈ അടുത്ത ദിവസങ്ങളിൽ രാഹുൽ ഗാന്ധിയും വിദേശത്ത് ഇതേ ആശയം മുൻപോട്ട് വച്ചിരുന്നു (The word ‘Nation’ is a western concept; India is a union of states, like Europe: RG)
അമൃത് നഗരവികസനവും എയർ പോർട്ടിന്റെ മുഖച്ഛായ മാറിയതും വിഴിഞ്ഞം പദ്ധതി പൂവണിയുന്നതും ഫ്‌ളൈഓവറുകളും മികച്ച റെയിൽവേ സ്റ്റേഷൻ അടക്കം തിരുവനന്തപുരത്ത് ബിജെപി സർക്കാർ കൊണ്ടുവരുന്ന വമ്പൻ മുന്നേറ്റം തടയാനുമാണ്
ഈ നീക്കം.
Comments