മുംബൈ: മഹാരാഷ്‌ട്രയിൽ കഴിഞ്ഞ ദിവസം സംഭവിച്ച അപ്രതീക്ഷിത രാഷ്‌ട്രീയ നീക്കങ്ങളിൽ പ്രതികരിച്ച് കെ.സി വേണുഗോപാൽ. എൻസിപി പിളർന്ന് അജിത് പവാർ പക്ഷം എൻഡിഎയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചുവെങ്കിലും ഇത് മാഹാവികാസ് അഘാഡി സർക്കാരിന് ശക്തിപ്രാപിക്കാനുള്ള അവസരമാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പറഞ്ഞു. മഹാരാഷ്‌ട്രയിൽ ബിജെപിയുടെ വാഷിംഗ് മെഷീൻ മിഷൻ ആരംഭിച്ചുവെന്ന് ആരോപിച്ച അദ്ദേഹം സംസ്ഥാനത്തെ ജനങ്ങൾ മഹാവികാസ് അഘാഡിക്കൊപ്പം നിലകൊള്ളുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. ദേശീയ മാദ്ധ്യമങ്ങളോടായിരുന്നു കെ.സി വേണുഗോപാലിന്റെ പ്രതികരണം.
അതേസമയം എൻസിപിയിലെ ഭൂരിപക്ഷം എംഎൽഎമാരും തങ്ങൾക്കൊപ്പമാണെന്നാണ് ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ പ്രതികരണം. മഹാരാഷ്‌ട്രയിൽ മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തതിന് ശേഷമായിരുന്നു അജിത് പവാർ ഇക്കാര്യം പരാമർശിച്ചത്. നാല്പതിലധികം എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് എൻസിപി നേതാവ് (അജിത് പവാർ പക്ഷം) പ്രഫുൽ പട്ടേലും അവകാശപ്പെട്ടു. കുടുംബ ബന്ധങ്ങളെ ആധാരമാക്കിയാകരുത് രാഷ്‌ട്രീയ തീരുമാനങ്ങളെന്ന് വിശ്വസിക്കുന്നതായും പ്രഫുൽ പട്ടേൽ പ്രതികരിച്ചു.
















Comments