തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലും പ്ലസ് വൺ ക്ലാസുകൾ നാളെ തുടങ്ങും. ആദ്യ മൂന്ന് അലോട്ട്‌മെന്റുകൾ പൂർത്തിയായ സാഹചര്യത്തിലാണ് തീരുമാനം. സപ്ലിമെന്ററി അലോട്ട്‌മെന്റുകളും, സീറ്റ് കിട്ടാത്തവർക്ക് സൗകര്യമൊരുക്കാനുള്ള ശ്രമവും തുടരും. ക്ലാസുകൾ തുടരാൻ തടസ്സമില്ലെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസമന്ത്രി അറിയിച്ചിരുന്നു. എല്ലാ സ്‌കൂളുകളിലും പൊതുപരിപാടി സംഘടിപ്പിച്ച ശേഷമായിരിക്കും കുട്ടികളെ സ്വാഗതം ചെയ്യുക. സ്‌കൂൾ ക്ലാസ് മുറികളുടെ ശുചീകരണവും നവീകരണ പ്രവർത്തനങ്ങളും പൂർത്തിയായെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ വർഷം വൈകിയാണ് പ്ലസ് വൺ ക്ലാസുകൾ തുടങ്ങിയത്. എന്നാൽ ഈ വർഷം ഏത് സാഹചര്യത്തിലും ക്ലാസുകൾ തുടങ്ങാനാണ് തീരുമാനമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. അതേസമയം മഴക്കെടുതിയിൽ അവധി പ്രഖ്യാപിച്ചിരിക്കുന്ന സ്‌കൂളുകളിൽ നാളെ പ്ലസ് വൺ പ്രവേശനം ഉണ്ടാകില്ലെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് നാളെ ആറ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസർകോട്, കണ്ണൂർ, തൃശ്ശൂർ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്. കാസർകോട് പ്രൊഫഷണൽ കോളജുകൾക്ക് അവധി ബാധകമായിരിക്കില്ല. കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
















Comments