കോടിക്കിലുക്കത്തിൽ ക്രിസ്റ്റ്യാനോ റോണാൾഡോയാണ് ആദ്യമായി സൗദി ലീഗിലേക്ക് പോയ വമ്പൻ. അൽ നാസർ ക്ലബ് കോടികളെറിഞ്ഞ് താരത്തെ ക്ലബിലെത്തിച്ചപ്പോൾ സൗദി ലീഗ് കൂടിയാണ് ഉണർന്നത്. താരം വന്നതിന് പിന്നാലെ സൗദി ലീഗിന്റെയും മൂല്യമുയർന്നു. പിന്നാലെ കരീം ബെൻസേമ, എൻഗോളോ കാന്റെ, റൂബൻ നെവസ്, എഡ്വേർഡ് മെന്റി, കാലിദൊ കൗലിബാലി തുടങ്ങിയ വമ്പന്മാർ യൂറോപ്പ് വിട്ട് സൗദിയിലെ വിവിധ ക്ലബുകളിൽ കോടികൾക്ക് ചേക്കേറി.
ഈ ലിസ്റ്റിൽ ഒടുവിലത്തെ പേരുകാരനാണ് ബ്രസീലിന്റെ റോബർട്ടോ ഫിർമിനോ . താരം അൽ അഹ്ലിക്ക് വേണ്ടിയാണ് സൗദി പ്രോ ലീഗിൽ റോബർട്ടോ കളിക്കുക. മൂന്ന് വർഷത്തേയ്‌ക്കാണ് കരാർ. 31 കാരനായ റോബർട്ടോയുടെ ലിവർപൂളുമായുള്ള കരാർ കഴിഞ്ഞ സീസണിൽ അവസാനിച്ചിരുന്നു. ലിവർപൂളിനായി 362 മത്സരങ്ങൾ കളിച്ച റോബർട്ടോ 111 ഗോളുകൾ നേടിയിട്ടുണ്ട്. മുന്നേറ്റനിരയിലും മധ്യനിരയിലും തിളങ്ങുന്ന താരമാണ് ഫിർമിനോ.
ഫിർമിനോ അംഗമായ ലിവർപൂൾ ചാമ്പ്യൻസ് ലീഗ്, എഫ്എ കപ്പ് തുടങ്ങിയ പ്രധാന കിരീടങ്ങൾ നേടിയിരുന്നു. താൻ എപ്പോഴും വലിയ ടീമുകൾക്ക് വേണ്ടിയാണ് കളിച്ചിട്ടുള്ളതെന്ന് അൽ അഹ്ലിയിലെത്തിയ ശേഷം ഫിർമിനോ പറഞ്ഞു. ബ്രസീലിനായി 55 മത്സരങ്ങൾ കളിച്ചിട്ടുള്ള ഫിർമിനോ 17 ഗോളുകൾ നേടിയിട്ടുണ്ട്. 2022 ലോകകപ്പിൽ ബ്രസീൽ ടീമിൽ ഇടം ലഭിക്കാത്തതിൽ പ്രതിഷേധവുമായി ഫിർമിനോ രംഗത്തെത്തിയിരുന്നു.
Comments