തിരുവനന്തപുരം: കൈതോലപ്പായയിൽ സിപിഎം ഉന്നത നേതാവ് പണം കടത്തിയെന്ന വിവാദങ്ങൾക്കിടെ ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി ശക്തിധരൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായി. കൻറോൺമെൻറ് എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് മുന്നിലാണ് ജി ശക്തിധരൻ ഹാജരായത്. മൊഴിയെടുക്കലിനും പ്രാഥമിക അന്വേഷണത്തിനും ശേഷമായിരിക്കും എഫ്ഐആർ രജിസ്റ്റർ ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുക.
അതേസമയം, വിവാദ ഫേസ്ബുക്ക് പോസ്റ്റിനെ സംബന്ധിച്ച് വ്യക്തമായ മൊഴി ജി ശക്തിധരൻ നൽകിയില്ലെന്നാണ് സൂചന. പോലീസിനോട് ഒന്നും പറയാനില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനോടുള്ള ശക്തിധരന്റെ നിലപാട്. പറയേണ്ടത് പോസ്റ്റിൽ പറഞ്ഞിട്ടുണ്ടെന്നും ശക്തിധരൻ നിലപാട് വ്യക്തമാക്കി.
ഉന്നത നേതാവ് കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ടര കോടി കടത്തിയെന്നും പ്രമുഖ ഹോട്ടലിൽ നിന്ന് 20 ലക്ഷം വാങ്ങിയെന്നുമായിരുന്നു ശക്തിധരന്റെ വെളിപ്പെടുത്തൽ. പണം കടത്തിയതിന് സാക്ഷിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു. ശക്തിധരന്റെ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബെന്നി ബെഹനാൻ എംപിയാണ് പോലീസ് മേധാവിയ്‌ക്ക് പരാതി നൽകിയത്.
















Comments