ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാതിരുന്നതിന് വൻതുക പാരിതോഷികം നൽകി ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ഷാക്കിബ് അൽ ഹസൻ ഉൾപ്പെടെയുളള മൂന്ന് താരങ്ങൾക്കാണ് ഐപിഎൽ ഒഴിവാക്കിയതിന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇതുവരെ നൽകാത്ത വലിയ തുക പാരിതോഷികം പ്രഖ്യാപിച്ചത്. ഐപിഎൽ ഒഴിവാക്കി ദേശീയ ടീമിൽ താരങ്ങൾ അയർലൻഡിനെതിരെ ടെസ്റ്റ്, ട്വന്റി20 പരമ്പരകൾ കളിച്ചിരുന്നു.
ഐപിഎൽ സീസൺ പൂർണമായും ഷാക്കിബ് അൽ ഹസന് നഷ്ടമായി. ടസ്‌കിൻ അഹമ്മദും രാജ്യത്തിനായി കളിക്കുന്നതിനു വേണ്ടി ഐപിഎൽ ഒഴിവാക്കി. ലിറ്റൻ ദാസിന് ഐപിഎല്ലിലെ ഏതാനും മത്സരങ്ങൾ മാത്രമാണു ലഭിച്ചത്. ”താരങ്ങൾ ഞങ്ങളോട് പണമൊന്നും ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ അവരുടെ നഷ്ടത്തിന്റെ പകുതിയെങ്കിലും നികത്തണമെന്നു ഞങ്ങൾക്കു തോന്നി, രാജ്യത്തിന് വേണ്ടിയായിരിക്കണം താരങ്ങൾ കളിക്കുന്നത്. അതേസമയം താരങ്ങളുടെ ക്ഷേമം കൂടി നോക്കണം. അതുകൊണ്ടാണ് മുഴുവൻ തുകയുടെ പകുതിയെങ്കിലും നൽകാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ശ്രമിക്കുന്നത്.”ബംഗ്ലാദേശ് ക്രിക്കറ്റ് ഓപ്പറേഷൻസ് ചീഫ് ജലാൽ യൂസഫ് പ്രതികരിച്ചത് ഇങ്ങനെയാണ്.
2023 ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരങ്ങളായിരുന്നു ഷാക്കിബ് അൽ ഹസനും ലിറ്റൻ ദാസും. ഷാക്കിബ് കളിക്കാതിരുന്നതോടെയാണ് ജേസൺ റോയി ടീമിനൊപ്പം ചേർന്നത്.
















Comments