എറണാകുളം: കുടുംബശ്രീയുടെ പേരിൽ വ്യാജരേഖകളുണ്ടാക്കി വായ്പാ തട്ടിപ്പ് നടത്തിയ കേസിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെ പരാതിയുമായി കൂടുതൽ വീട്ടമ്മമാർ രംഗത്ത്. മട്ടാഞ്ചേരി അഞ്ചാം വാർഡിൽ നിന്ന് 20-ഓളം വീട്ടമ്മമാരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വീട്ടമ്മമാരുടെ പേരിലാണ് വ്യാജമായി വായ്പ എടുത്തിരിക്കുന്നത്. മട്ടാഞ്ചേരി വില്ലേജിൽ ഉൾപ്പെടുന്ന ഇവർക്ക് എല്ലാവർക്കും ജപ്തി നോട്ടീസ് ലഭിച്ചിരുന്നു. ജപ്തി ഡിമാൻഡ് നോട്ടീസ് ലഭിച്ചതോടെയാണ് വായ്പയുടെ വിവരം തങ്ങൾ അറിയുന്നതെന്നാണ് വീട്ടമ്മമാമർ പറയുന്നത്. 20 വർഷത്തോളമായി കുടുംബശ്രീ അയൽക്കൂട്ടത്തിൽ പ്രവർത്തിക്കുന്നവരും ഇക്കൂട്ടത്തിൽ കെണിയിൽ അകപ്പെട്ടിട്ടുണ്ട്. കൂടാതെ ഇതിൽ ഇതുവരെയും ഒരു വായ്പയും ര്വീകരിക്കാത്തവരും ഉൾപ്പെടുന്നു.
എടുക്കാത്ത വായ്പ തിരിച്ചടയ്‌ക്കാത്തതിന്റെ പേരിൽ ജപ്തി നടപടി നേരിടേണ്ടി വന്നിരിക്കുകയാണെന്നാണ് പരാതിക്കാർ പറയുന്നത്. അഞ്ചാം ഡിവിഷനിൽ ശ്രേയസ് അയൽക്കൂട്ടത്തിലെ അംഗങ്ങളാണ് തട്ടിപ്പിന് ഇരയായിരിക്കുന്നത്. ഇവരുടെ ആധാർ ഉൾപ്പെടെയുള്ള രേഖകൾ ഉപയോഗിച്ച് ഇടച്ചിറ യൂണിയൻ ബാങ്കിൽ നിന്നാണ് എട്ട് ലക്ഷം രൂപയോളം വായ്പ എടുത്തിരിക്കുന്നത്. ഐഡിബിഐ തൃപ്പൂണിത്തുറ ശാഖയിൽ നിന്ന് പത്ത് ലക്ഷം രൂപയുടെ വായ്പയും അനധകൃതമായി എടുത്തിട്ടുണ്ട്.
ഫോർട്ട്‌കൊച്ചി 28-ാം വാർഡിലും സമാനമായ രീതിയിൽ വീട്ടമ്മമാർ കബളിപ്പിക്കപ്പെട്ടതായി ആരോപണം ഉയരുന്നുണ്ട്. ഫോർട്ട്‌കൊച്ചി പോലീസ് സ്‌റ്റേഷനിലും ഇത് സംബന്ധിച്ച് വീട്ടമ്മമാർ പരാതി നൽകിയിട്ടുണ്ട്. തങ്ങളുടെ അറിവും സമ്മതവും ഇല്ലാതെ രേഖകൾ ഉപയഗിച്ച് കാനറാ ബാങ്ക് ഫോർട്ട്‌കൊച്ചി ശാഖയിൽ നിന്ന് പത്ത് ലക്ഷം രൂപയുടെ ലിങ്കേജ് വായ്പയെടുത്തിരുന്നുവെന്നാണ് പരാതി. എഡിഎസ് മുൻ ചെയർപേഴ്‌സണെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.
Comments