ന്യൂഡൽഹി: പ്രധാനമന്ത്രിയാകുന്നവന് ഭാര്യയുണ്ടായിരിക്കണമെന്ന ഉപദേശവുമായി ആർജെഡി അദ്ധ്യക്ഷൻ ലാലുപ്രസാദ് യാദവ്. രാഹുൽ ഗാന്ധിയോട് വിവാഹിതനാകാൻ ആവശ്യപ്പെടുന്നതിന് പിന്നിൽ പ്രധാനമന്ത്രി സ്ഥാനവുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി കസേരയും രാഹുലിന്റെ വിവാഹക്കാര്യവും രണ്ട് വ്യത്യസ്ത വിഷയങ്ങളാണ്. പക്ഷെ പ്രധാനമന്ത്രിയാകുന്നത് ആരായാലും അവർക്ക് ഭാര്യയില്ലാതെയിരിക്കരുത്. പ്രധാനമന്ത്രിയുടെ വസതിയിൽ പത്‌നിയില്ലാതെ താമസിക്കുന്നത് തെറ്റാണെന്നും ആർജെഡി അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി. അതേസമയം, വരുന്ന പൊതുതിരഞ്ഞെടുപ്പിൽ മൂന്നൂറ് സീറ്റെങ്കിലും പ്രതിപക്ഷ മഹാസഖ്യം നേടുമെന്നും ലാലുപ്രസാദ് യാദവ് പ്രതീക്ഷ പങ്കുവച്ചു.
ഏതാനും നാളുകൾക്ക് മുമ്പ് വാർത്താസമ്മേളനം നടത്തുന്നതിനിടെയാണ് രാഹുലിനോട് വിവാഹിതനാകാൻ ലാലുപ്രസാദ് യാദവ് ഉപദേശിച്ചത്. ഭാരത് ജോഡോ യാത്രയിൽ രാഹുൽ വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം രാഹുൽ വിവിഹിതനാകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സമയമിപ്പോഴും വൈകിയിട്ടില്ല, ഇനിയെങ്കിലും കല്യാണം കഴിക്കൂ.. ഞങ്ങൾക്കൊരു വിവാഹവിരുന്നിൽ പങ്കെടുക്കാമല്ലോ.. എന്നായിരുന്നു ലാലുപ്രസാദ് യാദവിന്റെ വാക്കുകൾ.
















Comments