തിരുവനന്തപുരം: സംസ്ഥാന സർക്കാർ 1000 കോടി രൂപ കൂടി കടമെടുക്കുന്നു. ഇതിനായുള്ള ലേലം ഈ മാസം 11ന് റിസർവ് ബാങ്കിന്റെ മുംബൈ ഫോർട്ട് ഓഫിസിൽ നടക്കും. 1000 കോടി കൂടി കടമെടുക്കുന്നതോടെ സർക്കാർ ഈ വർഷം മാത്രം കടമെടുത്ത തുക 9000 കോടി രൂപയാകും.
ഏപ്രിലിലെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാനായാണ് കേരളം ഇപ്പോൾ വായ്പയെടുക്കുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കെയാണ് സർക്കാർ വീണ്ടും കടമെടുക്കുന്നത്. 20,521 കോടി രൂപയാണ് ഈ സാമ്പത്തിക വർഷം കേരളത്തിന് കടമെടുക്കാൻ സാധിക്കുക.
കടമെടുപ്പ് പരിധി 28,550 കോടി രൂപയാക്കി ഉയർത്തണമെന്നാണ് സംസ്ഥാന സർക്കാർ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് കേന്ദ്രത്തിന് കേരള സർക്കാർ കത്തയച്ചിരുന്നു. കിഫ്ബിക്കും ക്ഷേമപെൻഷനുമായി എടുക്കുന്ന കടങ്ങളുടെ കൂടി കണക്കുകൾ വിലയിരുത്തിയാണ് കേന്ദ്രം വായ്പ പരിധി നിർണയിച്ചത്.
Comments