തമിഴ് നായികമാരില്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ താരമാണ് തൃഷ കൃഷ്ണന്‍. പാലക്കാട്ടുള്ള ഒരു അയ്യർ കുടുംബത്തിലാണ് ജനിച്ചതെങ്കിലും മലയാള സിനിമയിൽ സജീവമായിരുന്നില്ല. തമിഴ്, തെലുഗു ചിത്രങ്ങളിലാണ് നടി തിളങ്ങിയത്. രണ്ടായിരത്തിന്‍റെ തുടക്കം മുതലിങ്ങോട്ട് തൃഷ അഭിനയിച്ച ഒട്ടേറെ ചിത്രങ്ങള്‍ മലയാളികള്‍ സ്വീകരിച്ചിട്ടുണ്ട്. 96, പൊന്നിയിന്‍ സെല്‍വന്‍ തുടങ്ങിയവയൊക്കെയാണ് അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണം.
രണ്ട് ചിത്രങ്ങളിലാണ് തൃഷ ഇതുവരെ മലയാളത്തില്‍ അഭിനയിച്ചിട്ടുള്ളത്. നിവിൻ പോളി നായകനായ ഹേയ് ജൂഡ് എന്ന ചിത്രത്തിലാണ് നടി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. മോഹന്‍ലാല്‍- ജീത്തു ജോസഫ് ടീമിന്‍റെ ഇനിയും റിലീസ് ചെയ്യപ്പെടാത്ത റാമിലും തൃഷയുണ്ട്.
ഇപ്പോഴിതാ മലയാളത്തിലേക്ക് വീണ്ടും എത്തുകയാണ് താരം. ടൊവിനോ നായകനാവുന്ന ഐഡന്‍റിറ്റിയിലാണ് നായികയായി തൃഷ എത്തുന്നത്. ചിത്രത്തിലെ ലീഡ് റോള്‍ ചെയ്യുന്നു എന്ന സൂചയാണ് നടന്‍ ടൊവിനോ പങ്കുവെച്ച പോസ്റ്ററിലുള്ളത്. മഡോണ സെബാസ്റ്റ്യന്‍ ആണ് ചിത്രത്തില്‍ മറ്റൊരു നായിക.
ഫോറന്‍സിക് എന്ന ചിത്രമൊരുക്കിയ ഇരട്ട സംവിധായകര്‍ അഖില്‍ പോള്‍- അനസ് ഖാന്‍ എന്നിവരുടെ രണ്ടാമത്തെ ചിത്രമാണ് ഇത്. രാഗം മൂവീസിന്‍റെ ബാനറില്‍ രാജു മല്യത്തും സെഞ്ച്വറി കൊച്ചുമോനും ചേര്‍ന്നാണ് നിര്‍മ്മാണം. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. സെപ്റ്റംബര്‍ 23 ന് ചിത്രീകരണം ആരംഭിക്കും.
Comments